മാന്നാറിൽ പൊട്ടുവെള്ളരി വിളയിച്ച് ദമ്പതികൾ

Friday 13 March 2026 11:23 PM IST

മാന്നാർ: ചുട്ടുപൊള്ളുന്ന വേനലിൽ ആശ്വാസമേകുന്ന പൊട്ടുവെള്ളരി, ഷമാം, കുക്കുമ്പർ, തണ്ണിമത്തൻ എന്നിവ മാന്നാറിൽ വിളയിച്ച് പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയായ പഞ്ചായത്തംഗവും. അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ എ.എസ്.ഐ, മാന്നാർ വിഷവർശ്ശേരിക്കര പട്ടരുമഠത്തിൽ ബാലകൃഷ്ണനും ഭാര്യ മാന്നാർ ഗ്രാമപഞ്ചായത്ത് പതിനെട്ടാം വാർഡ് പ്രതിനിധിയായ ശാന്തിനി ബാലകൃഷ്ണനുമാണ് നാടിന്റെ മനസും ശരീരവും കുളിർപ്പിക്കാനുള്ള കൃഷി ഇറക്കിയത്.

തണ്ണിമത്തനും കുക്കുമ്പറും ഷമാമുമൊക്കെ കഴിഞ്ഞ വർഷവും നൂറുമേനി വിളവെടുത്തിട്ടുട്ടെങ്കിലും പൊട്ടുവെള്ളരി കൃഷി ആദ്യമായാണ്. പൊട്ടുവെള്ളരി കൂടുതലായി കൃഷി ചെയ്യുന്ന ചേർത്തലയിൽ പോയി കണ്ടും കേട്ടും പഠിച്ചാണ് ബാലകൃഷ്ണൻ മാന്നാറിലാദ്യമായി പൊട്ടുവെള്ളരി കൃഷി ഇറക്കിയത്. പൊട്ടുവെള്ളരി അഥവാ സ്നാപ്പ് മെലൺ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾക്ക് പേരുകേട്ട നീരുള്ളതും പൾപ്പുള്ളതുമായ വേനൽക്കാല പഴമാണ്. സ്വാഭാവികമായും തണുപ്പുള്ള ഈ പഴം വിശപ്പ് പോലും ശമിപ്പിക്കും. സൂക്ഷ്മ നാരുകൾ അടങ്ങിയിട്ടുള്ള പൊട്ടുവെളളരിക്ക് ശരീര താപനില എളുപ്പത്തിൽ നിയന്ത്രിക്കാനുള്ള കഴിവുമുണ്ട്. കരളിന്റെയും വൃക്കകളുടെയും ആരോഗ്യത്തിനും വളരെ നല്ലതാണ്.

പൊട്ടുവെള്ളരി കൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞ ദിവസം മാന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.കെ പ്രസാദ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് പി.എ.ലത, ആരോഗ്യ-വിദ്യാഭ്യാസ സമിതി അദ്ധ്യക്ഷൻ എസ്.ചന്ദ്രകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം ഹസീന സലാം എന്നിവർ പങ്കെടുത്തു. കൃഷിയിലൂടെ സന്തോഷം ലഭിക്കുമെന്നാണ് രണ്ടാം തവണയും ഗ്രാമപഞ്ചായത്തംഗമായ ശാന്തിനിയും 2018ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അർഹനായിട്ടുള്ള ബാലകൃഷ്ണനും പറയുന്നത്. ചെങ്ങന്നൂർ വി.എച്ച്.എസ്.ഇയിൽ പ്ലസ് ടു വിദ്യാർത്ഥിനിയായ ദേവീകൃഷ്ണ ഏകമകളാണ്.

വരുമാന മാർഗം മാത്രമല്ല

ബാലകൃഷ്ണന്റെ സുഹൃത്തായ വാന്യത്ത് തെക്കേതിൽ ഉണ്ണിക്കൃഷ്ണന്റെ 80സെന്റുൾപ്പെടെ ഒരേക്കറോളം സ്ഥലത്താണ് ദമ്പതികളുടെ ജൈവകൃഷി. നാലേക്കർ പാടത്ത് നെൽകൃഷിയുമുണ്ട്. പരമ്പരാഗത നെൽകർഷകനായ ബാലകൃഷ്ണൻ രണ്ടുവർഷം മുമ്പാണ് തണ്ണിമത്തൻ ഉൾപ്പെടെയുള്ള കൃഷികളിലേക്ക് തിരിഞ്ഞത്. പയർ, പടവലം, ചീര, പാവയ്ക്ക തുടങ്ങിയവയും ഇവരുടെ കൃഷിയിടത്തിലുണ്ട്. കൃഷി ഒരു വരുമാനമാർഗം മാത്രമായി കാണാതെ ആരോഗ്യ പരിപാലന മാർഗം കൂടിയായി കരുതുന്ന ഈ ദമ്പതികൾക്ക് ബന്ധുവും കുടുംബ സുഹൃത്തുമായ വിഷവർശേരിക്കര പുത്തേത്ത് ലാലുവാണ് ആവശ്യമായ സഹായങ്ങൾ നൽകി വരുന്നത്. മാന്നാർ കൃഷി ഓഫീസർ പി.സി ഹരികുമാർ ആവശ്യമായ നിർദേശങ്ങളും നൽകുന്നു.