ബി.ടെക് വിദ്യാർത്ഥിയെ മർദ്ദിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം
വെഞ്ഞാറമൂട്: വാഹന പരിശോധനയ്‌ക്കിടെ ഹെൽമെറ്റ് ധരിക്കാതെ വന്ന ബി.ടെക് വിദ്യാർത്ഥിയെ മർദ്ദിച്ച മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണം ആരംഭിച്ചു.
വെഞ്ഞാറമൂട് മുസ്ലിം അസോസിയേഷൻ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥി പായിച്ചിറ പള്ളിപ്പുറം കൃഷ്ണപ്രിയയിൽ അഭയ് കൃഷ്ണയെയാണ് ഉദ്യോഗസ്ഥൻ (19) മർദ്ദിച്ചത്. മുഖത്ത് അടിയേറ്റ വിദ്യാർത്ഥി കന്യാകുളങ്ങര കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. വ്യാഴാഴ്ച രാവിലെ 10ഓടെ കോലിയക്കോടിന് സമീപത്തായിരുന്നു സംഭവം. സമീപത്തെ കടയിൽ നിന്നുള്ള സി.സി ടിവി ദൃശ്യങ്ങൾ വൈറലായതിനെതിന് പിന്നാലെയാണ് അന്വേഷണം. അതേസമയം ഉദ്യോഗസ്ഥന്റെ പേര് വെളിപ്പെടുത്താൻ വകുപ്പ് തയ്യാറായിട്ടില്ല.
ബൈപ്പാസിൽ വാഹന പരിശോധന നടക്കുന്നതിനിടെ അഭയ് കൃഷ്ണ ഹെൽമെറ്റ് ധരിക്കാതെ ബൈക്കിലെത്തുകയായിരുന്നു. ഉദ്യോഗസ്ഥർ കൈകാണിച്ചെങ്കിലും ഏകദേശം 25 മീറ്റർ മുന്നോട്ടുപോയ ശേഷമാണ് ബൈക്ക് നിറുത്തിയത്. പ്രകോപിതനായ ഉദ്യോഗസ്ഥൻ പിന്നാലെ ഓടി ബൈക്ക് പിടിച്ചുനിറുത്തിയ ശേഷം ആദ്യം ബൈക്കിലിടിക്കുകയും പിന്നീട് അഭയ് കൃഷ്ണയുടെ മുഖത്ത് അടിക്കുകയുമായിരുന്നു. എന്തിനാണ് ആക്രമിച്ചതെന്ന് ചോദിച്ചപ്പോൾ 6,500 രൂപ പിഴ അടയ്‌ക്കാനും ആവശ്യപ്പെട്ടു. അതേസമയം ബൈക്ക് പൂട്ടി താക്കോലെടുത്തെന്നും അഭയ് കൃഷ്ണ അമ്മയോട് ഫോണിൽ സംസാരിച്ചപ്പോൾ ഉദ്യോഗസ്ഥൻ ദേഷ്യപ്പെട്ടെന്നും പരാതിയുണ്ട്.
ഫോട്ടോ: അഭയ് കൃഷ്‌ണയെ ഉദ്യോഗസ്ഥൻ
മർദ്ദിക്കുന്നതിന്റെ സി.സി ടിവി ദൃശ്യം