ഇന്നേവരെ കണ്ടിട്ടില്ലാത്ത ആക്രമണം; ഇറാന്റെ നട്ടെല്ലായ ഖാർഗ് ദ്വീപിലും ബോംബിട്ടെന്ന് ട്രംപ്

Saturday 14 March 2026 9:07 AM IST

ടെഹ്‌റാൻ: ഇറാന്റെ സാമ്പത്തിക നട്ടെല്ലെന്നറിയപ്പെടുന്ന ഖാര്‍ഗ് ദ്വീപില്‍ അമേരിക്കന്‍ സൈന്യം കനത്ത നാശം വിതച്ചുവെന്ന് യുഎസ് പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപ്. വേണ്ടിവന്നാല്‍ ഖാര്‍ഗിലെ അടിസ്ഥാന സൗകര്യങ്ങള്‍ കൂടി തച്ചുടയ്ക്കുമെന്നും ട്രംപ് ഭീഷണി മുഴക്കി. ഇറാന്റെ ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യപ്പെടുന്നത് ഖാര്‍ഗിലാണ്.

'പശ്ചിമേഷ്യയിൽ ഇന്നുവരെ നടത്തിയിട്ടുള്ളതില്‍ അതിശക്തമായ ബോംബാക്രമണം യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് നടത്തി. ഇറാന്റെ ഖാര്‍ഗിലുള്ള എല്ലാ സൈനിക കേന്ദ്രങ്ങളും നശിപ്പിച്ചു' എന്നാണ് ട്രംപ് സമൂഹമാദ്ധ്യമത്തില്‍ കുറിച്ചത്.

ദ്വീപിലെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കരുതെന്ന് താന്‍ നിര്‍ദേശം നല്‍കിയിരുന്നുെവന്നും എന്നാല്‍ ഹോര്‍മുസിലൂടെ കപ്പലുകളുടെ സുഗമമായ സഞ്ചാരം തടസപ്പെടുത്തുന്ന സ്ഥിതി ഇറാന്റെ ഭാഗത്ത് നിന്നോ മറ്റാരുടെയെങ്കിലും ഭാഗത്ത് നിന്നോ ഉണ്ടായാല്‍ ആ തീരുമാനം വേണ്ടെന്ന് വയ്ക്കാന്‍ താന്‍ മടിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ബുഷൈര്‍ പ്രവിശ്യയില്‍ 30 കിലോമീറ്റർ വിസ്‌തൃതിയിലായാണ് ഖാർഗ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. മാന്‍ഹട്ടന്റെ മൂന്നിലൊന്ന് വരുന്ന ഈ പ്രദേശത്തുണ്ടാകുന്ന ഏതൊരു നീക്കവും അതീവ ഗുരുതരമായ പ്രത്യാഘാതമാകും സൃഷ്ടിക്കുകയെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു. ഖാര്‍ഗില്‍ അമേരിക്ക നടത്തിയ ആക്രമണം ഇറാന്റെ ക്രൂഡ് ഓയില്‍ കയറ്റുമതിയെ കാര്യമായി ബാധിക്കുമെന്നും ഇത് ഹോര്‍മുസിലെ സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നും റിപ്പോർട്ടുണ്ട്. ഹോര്‍മുസിലെ എണ്ണക്കപ്പലുകള്‍ക്ക് യുഎസ് സൈന്യം അകമ്പടി പോകുമെന്നും വ്യാപാരം പഴയത് പോലെയാക്കുമെന്നുമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. എന്നാൽ, പ്രതിസന്ധി രൂക്ഷമായതോടെ അമേരിക്കയിലും എണ്ണ വില കുതിച്ചുയരുകയാണ്.