കേരളത്തിലടക്കം പലയിടങ്ങളിൽ ഒളിവുജീവിതം; കുഞ്ഞാമിന വധക്കേസ് പ്രതികൾ 10 വർഷത്തിനുശേഷം പിടിയിൽ
കണ്ണൂർ: ഇരിക്കൂർ കുഞ്ഞാമിന കൊലക്കേസിലെ പ്രതികളായ രണ്ട് സ്‌ത്രീകൾ 10 വർഷത്തിന് ശേഷം ക്രൈംബ്രാഞ്ചിന്റെ പിടിയിൽ. കൊലപാതകശേഷം കുഞ്ഞാമിനയുടെ സ്വർണാഭരണങ്ങളുമായി രക്ഷപ്പെട്ട പ്രതികളെയാണ് മദ്ധ്യപ്രദേശിൽ നിന്നും പിടികൂടിയത്. ന്യൂഡൽഹി നാങ്ളോയി സ്വദേശികളായ പർവീൺ ബാനു(55),സക്കീന ഫാത്തിമ (32) എന്നിവരാണ് പിടിയിലായത്. സൗമ്യരംഗാവാല, സമീറ രംഗാവാല എന്നീ വ്യാജപ്പേരുകളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ.
2016 ഏപ്രിൽ 30നാണ് ഇരിക്കൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ സിദ്ദിഖ് നഗറിൽ താമസിച്ചിരുന്ന കുഞ്ഞാമിന കൊല്ലപ്പെട്ടത്. ഇവരുടെ വീടിന് തൊട്ടടുത്തുള്ള വാടകവീട്ടിൽ വസ്‌ത്രവ്യാപാരികളെന്ന് പറഞ്ഞാണ് പ്രതികൾ താമസമാക്കിയത്. പിന്നീട് പതിയെ സൗഹൃദം സ്ഥാപിച്ചു. പ്രതികളുടെ വാടകവീട്ടിൽ വച്ച് കഴുത്തിനും വയറിനും നെഞ്ചിനും മാരകമായി കുത്തിയാണ് കൊലപ്പെടുത്തിയത്. ശേഷം കുഞ്ഞാമിനയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടരപ്പവൻ തൂക്കം വരുന്ന സ്വർണമാലയും കൈയിലുണ്ടായിരുന്ന വളയും പണവും കവർന്നെടുത്ത് രക്ഷപ്പെടുകയായിരുന്നു.
ഇരിക്കൂർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസ് 2024ലാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ആന്ധ്രാപ്രദേശിലെ ഓംഘോൾ പൊലീസ് സ്റ്റേഷനിൽ സമാന കുറ്റകൃത്യം ചെയ്‌ത പ്രതികളായ ഇവർ അവിടെ നിന്നും ജാമ്യത്തിലിറങ്ങി കേരളത്തിലേക്ക് കടക്കുകയായിരുന്നു. വ്യാജരേഖകൾ നൽകിയാണ് ഇരിക്കൂറിൽ വാടകവീടെടുത്തത്. കർണാടക സ്വദേശിയായ ഒരാൾക്ക് സൗജന്യമായി വസ്‌ത്രം കൊടുക്കാമെന്ന് വാഗ്‌ദാനം നൽകിയാണ് ഇവർ ഉപയോഗിച്ചിരുന്ന സിം കാർഡുകൾ സംഘടിപ്പിച്ചത്. പ്രതികൾ ഒരിടത്തും സ്ഥിരമായി താമസിച്ചിരുന്നില്ല.
തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഗുജറാത്തി, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ ഏഴ് ഭാഷകളിൽ പ്രതികൾക്ക് സംസാരിക്കാൻ കഴിയും. കേരളത്തിൽ കാസർകോട്, വയനാട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം എന്നീ ജിലകളിലും കേരളത്തിന് പുറത്ത് പല സംസ്ഥാനങ്ങളിലും ഇവർ ഒളിച്ചുതാമസിച്ചിട്ടുണ്ട്. കണ്ണൂർ ക്രൈംബ്രാഞ്ച് സൂപ്രണ്ട് ബാലകൃഷ്‌ണൻ നായരുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘമാണ് പ്രതികളെ പിടികൂടിയത്.