മഞ്ചേശ്വരത്ത് അരങ്ങൊരുങ്ങുന്നു തീപ്പാറും ത്രികോണപ്പോരിന്

Saturday 14 March 2026 10:34 PM IST

കാസർകോട്: ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ മൂന്നാമതും മത്സരിക്കുമെന്നറുപ്പായതോടെ

മഞ്ചേശ്വരത്ത് ദേശീയശ്രദ്ധ പിടിച്ചുപറ്റുന്ന ത്രികോണ പോരിന് അരങ്ങൊരുങ്ങുകയാണ്.സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ള കോർ കമ്മിറ്റി യോഗത്തിന് മുമ്പായി സുരേന്ദ്രനെ കഴിഞ്ഞ ദിവസം ദേശീയ നേതൃത്യം ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ചർച്ചകൾക്ക് ശേഷം തിരിച്ചെത്തിയ അദ്ദേഹം മണ്ഡലത്തിൽ സജീവമായിട്ടുണ്ട്.

രണ്ടു തവണ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട മണ്ഡലം ഇക്കുറി പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളാണ് ബി.ജെ.പി ഒരുക്കുന്നത്.ജില്ലയിലെ പാർട്ടിയിൽ ഉണ്ടായ തർക്കങ്ങൾ നേതൃത്വം ഇടപെട്ട് ഒതുക്കിയിട്ടുണ്ട്. സിറ്റിംഗ് എം.എൽ.എ മുസ്ലിംലീഗിലെ എ.കെ.എം അഷ്‌റഫിന്റെ സ്ഥാനാർത്ഥിത്വവും ഉറപ്പായിട്ടുണ്ട്. സി.പി.എം കാസർകോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.ആർ.ജയാനന്ദയെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാക്കാനാണ് ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനം.

കാസർകോട് ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂർ മഞ്ചേശ്വരത്ത് സ്ഥാനാർത്ഥിയാകുമെന്ന പ്രചാരണം എൽ.ഡി.എഫിൽ ശക്തമായിരുന്നു. ഷാനവാസ് പാദൂരിനും മഞ്ചേശ്വരത്ത് എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കുന്നതിന് ആഗ്രഹവുമുണ്ടായിരുന്നു. അതിനിടയിൽ കെ.ആർ.ജയാനന്ദയെ തീരുമാനിച്ചത് ചെറിയ പൊട്ടലും ചീറ്റലും മണ്ഡലത്തിൽ ഉണ്ടാക്കിയിരുന്നു. ഷാനവാസിന് അനുകൂലമായി മണ്ഡലത്തിൽ പോസ്റ്റർ ഉയരുകയും ചെയ്തു. എന്നാൽ ഷാനവാസ് പാദൂരിനെ മഞ്ചേശ്വരത്ത് മത്സരിപ്പിക്കുമെന്ന് പാർട്ടി പറഞ്ഞിട്ടില്ലെന്നായിരുന്നു വിശദീകരണം. അദ്ദേഹത്തെ കാസർകോട് മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിപ്പിക്കാനാണ് എൽ.ഡി.എഫ്- ഐ.എൽ.എൽ നീക്കം.

ഭൂമിശാസ്ത്രപരമായി ഒട്ടേറെ പ്രത്യേകതകളുള്ള കർണ്ണാടകയുമായി അതിർത്തി പങ്കിടുന്ന, ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഗണ്യമായ സ്വാധീനമാണ് മഞ്ചേശ്വരം മണ്ഡലത്തിലുള്ളത്. ആദ്യകാലത്ത് ഇടതിനൊപ്പം നിന്ന മണ്ഡലം ഇടയ്ക്ക് ഒരു തിരഞ്ഞെടുപ്പിലൊഴികെ മുസ്ലിം ലീഗിന് അനുകൂലമായാണ് വിധിയെഴുതിയിട്ടുള്ളത്. സംസ്ഥാനത്ത് അക്കൗണ്ട് തുറക്കുന്ന മണ്ഡലം എന്ന നിലയിലായിരുന്നു ഒരുകാലത്ത് ബി.ജെ.പി മഞ്ചേശ്വരത്തെ കണ്ടിരുന്നത്.

വരുമോ വീണ്ടും സ്വതന്ത്രൻ സുന്ദര

നിരവധി നിയമപ്രശ്നങ്ങൾക്കിടയാക്കിയ മഞ്ചേശ്വരത്തെ വോട്ടുകോഴ വിവാദത്തിന് വഴി വച്ച കെ.സുന്ദര ഇക്കുറിയും സ്ഥാനാർത്ഥിയായെത്തുമെന്ന ശ്രുതിയും ഇതിനിടെ പരന്നിട്ടുണ്ട്. കെ.സുരേന്ദ്രന് വെല്ലുവിളിയായാണ് ഇക്കുറിയും സുന്ദരയുടെ സ്ഥാനാർത്ഥിത്വനീക്കം. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച സുന്ദര 467 വോട്ടുകൾ നേടിയിരുന്നു. അന്ന് ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്ന കെ.സുരേന്ദ്രൻ 855 വോട്ടുകളുടെ വ്യത്യാസത്തിലാണ് എ.കെ.എം അഷ്റഫിനോട് പരാജയപ്പെട്ടത്.