വാണിജ്യ സിലിണ്ടർ ക്ഷാമം രൂക്ഷം കത്തിക്കയറുന്നു വിറക് വിപണി
കണ്ണൂർ :വാണിജ്യ സിലിണ്ടറുകൾക്ക് കടുത്ത ക്ഷാമം നേരിട്ടു തുടങ്ങിയതോടെ വിറകിന് പിടിവലി.വിറകിന് കടുത്ത ലഭ്യതകുറവും വിലക്കയറ്റവുമാണ് നേരിടുന്നത്.ഒരാഴ്ചയ്ക്കിടെ ഒരു ടൺ വിറകിന് 1,000 രൂപ മുതൽ 1,500 രൂപ വരെ വർദ്ധന രേഖപ്പെടുത്തിയിട്ടുണ്ട് .നിലവിൽ പലയിടങ്ങളിലും ടണ്ണിന് 5,000 രൂപയ്ക്ക് മുകളിലാണ് വില.ജില്ലയിൽ ചിലയിടങ്ങളിൽ ടണ്ണിന് 4000 രൂപ നിരക്കിലും വിൽപ്പന നടത്തുന്നുണ്ട്.
പാചകവാതകം ലഭിക്കാതായതോടെ വീടുകളും ഹോട്ടലുകളും ബേക്കറികളും വലിയ തോതിൽ വിറകിലേക്ക് മാറിയിട്ടുണ്ട്.ആവശ്യക്കാർ ഏറിയതോടെ വിറക് വിൽപ്പന ശാലകളിൽ കടുത്ത ക്ഷമാവും അനുഭവപ്പെടുന്നു . തടിമില്ലുകളിൽ നിന്ന് വിറക് ശേഖരിക്കാൻ ആളുകളുടെ വലിയ തിരക്കാണ്.പലയിടത്തും സ്റ്റോക്ക് ഇതിനോടകം തീർന്നിട്ടുണ്ട്.
പുളിവിറക് കിട്ടാൻ അല്പം പുളിക്കുംപുളിവിറകിന് ടണ്ണിന് 5,000 രൂപയിൽ നിന്ന് 6,000 രൂപയായി വില വർദ്ധിച്ചു. ഇത് കീറി ഉപയോഗയോഗ്യമാക്കി നൽകുമ്പോൾ ടണ്ണിന് 8,500 രൂപ വരെയാണ് ഈടാക്കുന്നത്..തളിപ്പറമ്പ്, പഴയങ്ങാടി, ചിറക്കൽ തുടങ്ങിയ ഭാഗങ്ങളിലെ മില്ലുകളിൽ വിറകുണ്ടെങ്കിലും കച്ചവടക്കാർ മുൻകൂട്ടി ബുക്കിംഗ് എടുക്കുകയാണിപ്പോൾ.അറക്കപ്പൊടി , വിറക് കട്ടകൾ എന്നിവയ്ക്കും വില വർദ്ധിച്ചിട്ടുണ്ട്. അറക്കപ്പൊടിക്ക് ടണ്ണിന് 2,500 രൂപ വരെയാണ് ഈടാക്കുന്നത് .ഇഷ്ടികച്ചൂളകൾക്കും മൺചൂളകൾക്കുമായി വൻതോതിൽ വിറക് കയറ്റിപ്പോകുന്നതും സാധാരണക്കാർക്ക് വിറക് ലഭിക്കുന്നതിന് പ്രയാസകരമാക്കുന്നുണ്ട്.
കുത്തനെ ഉയർന്ന് വിറക് വില (ടൺ)
ഇനം നേരത്തെ നിലവിൽ
റബ്ബർ വിറക് 4,000 5,000
ചുള്ളി വിറക് 3,800 4,500
സമ്മിശ്രവിറക് 3,200 4,200
മിശ്രിത വിറക് 3,000 4500
കിട്ടാനും പ്രയാസം
രണ്ട് മാസമായി വിറക് കിട്ടാനിലെന്ന് വ്യാപാരികൾ പറഞ്ഞു.കക്കാട് പ്രവർത്തിക്കുന്ന വിറക് വിൽപ്പനശാലയിൽ രണ്ട് മാസത്തിന് ശേഷം ഇന്നലെയാണ് വിറകുകൾ എത്തിയത്.പച്ച വിറകാണ് കച്ചവടക്കാർക്ക് നേരിട്ട് ലഭിക്കുന്നത്.അത് ഉണക്കി കൊത്തു കൂലി അടക്കം ഏകദേശം ഒൻപത് രൂപയാണ് ഒരു കിലോ വിറകിന് ഇവർക്ക് ചിലവ് വരുന്നത്.പത്ത് രൂപയ്ക്കാണ് ഒരു കിലോ വിറക് വിൽപ്പന നടത്തുന്നത്.ജില്ലയിലെ നാട്ടിൻ പുറങ്ങളിൽ നിന്നാണ് വിറകുകൾ വിൽപ്പന ശാലയിലെത്തുന്നത്.മാവ്,കശുമാവ് ,മഞ്ചാടി,ബദാം തുടങ്ങിയ മരങ്ങളാണ് വിറകിന് ഉപയോഗിക്കുന്നത്.പ്ലൈവുഡ് കമ്പനിക്കാർ വലിയ തോതിൽ വിറകുകൾ വാങ്ങുന്നതിനാൽ ചെറുകിട കച്ചവടക്കാർക്ക് വിറക് കിട്ടാൻ പ്രയാസമാണെന്ന് കച്ചവടക്കാർ പറഞ്ഞു.