കെട്ടിടം റെഡി,ഉദ്ഘാടനം വൈകുന്നു , ഫയര്‍‌സ്റ്റേഷൻ കാത്തിരിപ്പിൽ

Sunday 15 March 2026 12:00 AM IST
ഗുരുവായൂരിലെ പുതിയ അഗ്‌നിരക്ഷാ കേന്ദ്രം

ഗുരുവായൂർ: ക്ഷേത്രനഗരിക്ക് സമീപം ആധുനിക സംവിധാനങ്ങളോടെ നിർമ്മാണം പൂർത്തിയായിട്ടും ഗുരുവായൂരിലെ പുതിയ അഗ്‌നിരക്ഷാ നിലയത്തിന്റെ ഉദ്ഘാടനം അനിശ്ചിതത്വത്തിൽ. തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ മിക്ക പദ്ധതികളും ഉദ്ഘാടനം ചെയ്യപ്പെടുമ്പോഴും, ഗുരുവായൂരിലെ അഗ്‌നിരക്ഷാ നിലയം സാങ്കേതിക കുരുക്കിൽ കുരുങ്ങിക്കിടക്കുകയാണ്. ദേവസ്വം ഭൂമിയിൽ ഗുരുവായൂർ ദേവസ്വം തന്നെ നിർമ്മിച്ച് നൽകിയ കെട്ടിടത്തിന്റെ വാടകയുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങളാണ് കെട്ടിടം അഗ്‌നിസുരക്ഷാ സേനയ്ക്ക് കൈമാറാൻ തടസം. തെക്കേനടയിൽ പന്തായിൽ ക്ഷേത്രത്തിന് സമീപം ഗുരുവായൂർ ദേവസ്വം സ്ഥലത്ത് പ്രധാന റോഡിന് അഭിമുഖമായാണ് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. ഗുരുവായൂർ ക്ഷേത്രവും പരിസരപ്രദേശങ്ങളും എപ്പോഴും തിരക്കേറിയതായതിനാൽ, അത്യാഹിത ഘട്ടങ്ങളിൽ അതിവേഗം രക്ഷാപ്രവർത്തനത്തിന് ആധുനിക സംവിധാനങ്ങളോടെയുള്ള അഗ്‌നിരക്ഷാ നിലയം അനിവാര്യമാണ്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ, അടുത്ത സർക്കാർ വരും വരെ ഈ കാത്തിരിപ്പ് തുടരണം. ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ജലസംഭരണിയും വലിയ കിണറുമുള്ള അഗ്‌നിരക്ഷാനിലയമാണ് ഇതുമൂലം ഉപയോഗിക്കാനാകാതെ കിടക്കുന്നത്.

നിലവിലെ ദുരവസ്ഥ

നിലവിൽ വടക്കേ നടയിൽ ശ്രീകൃഷ്ണ സ്‌കൂളിന് സമീപമുള്ള ദേവസ്വത്തിന്റെ ഇടുങ്ങിയ കെട്ടിടത്തിലാണ് ഫയർ സ്റ്റേഷൻ പ്രവർത്തിക്കുന്നത്. നേരത്തെ കിഴക്കേ നടയിലുണ്ടായിരുന്ന കെട്ടിടം കാലപ്പഴക്കത്താൽ അപകടാവസ്ഥയിലായിരുന്നു. കോൺക്രീറ്റ് പാളികൾ വീണ് ജീവനക്കാർക്ക് പരിക്കേൽക്കുന്ന സാഹചര്യം വന്നപ്പോൾ ഓഫീസ് ഗുരുവായൂരിൽ നിന്ന് മാറ്റാൻ വരെ ആലോചനയുണ്ടായിരുന്നു.

വിശാല സൗകര്യം

  • ചെലവ് 4.5 കോടി
  • 9000 ചതുരശ്ര അടിയിൽ രണ്ട് നില
  • മൂന്ന് വലിയ ഫയർ യൂണിറ്റുകൾ ഒരേസമയം പാർക്ക് ചെയ്യാം.
  • സ്റ്റേഷൻ ഓഫീസർക്കും വാച്ച് റൂമിനുമായി പ്രത്യേക സൗകര്യം.
  • മുകളിലത്തെ നിലയിൽ ജീവനക്കാർക്ക് ഡോർമിറ്ററി, വിശ്രമമുറി, അടുക്കള, ഡൈനിംഗ് ഹാൾ, സ്റ്റോർ റൂം.
  • അടിയന്തര സാഹചര്യങ്ങൾക്കായി ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള ജലസംഭരണിയും വലിയ കിണറും.
  • നിർമ്മാണം ആരംഭിച്ചത് 2024 നവംബറിൽ

കെട്ടിടത്തിന്റെ വാടക നിശ്ചയിച്ച് സർക്കാരിനെ അറിയിക്കുകയും അനുമതി വാങ്ങുകയും ചെയ്ത ശേഷമേ കെട്ടിടം അഗ്‌നിരക്ഷാ സേനയ്ക്ക് കൈമാറാൻ സാധിക്കൂ. ഒ.ബി.അരുൺ കുമാർ അഡ്മിനിസ്‌ട്രേറ്റർ, ഗുരുവായൂർ ദേവസ്വം.