ജോമോൻ ജോസിനെതിരായ 'വ്യാജ കത്ത് ': എ.ഐ.സി.സിക്ക് ലഭിച്ചിട്ടില്ലെന്ന് ദീപ ദാസ് മുൻഷി

Saturday 14 March 2026 11:03 PM IST

ലഭിച്ചാൽ സ്ക്രീനിംഗ് കമ്മിറ്റി ച‌ർച്ച ചെയ്യും

കാസർകോട്: യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസിനെ തൃക്കരിപ്പൂർ നിയോജകമണ്ഡലത്തിൽ പരിഗണിക്കരുതെന്നാവശ്യപ്പെട്ട് മണ്ഡലം പ്രസിഡന്റുമാരുടെ ഒപ്പോടെ എ.ഐ.സി.സിക്കും കെ.പി.സി.സിക്കും വ്യാജ കത്ത് അയച്ച സംഭവത്തിൽ പ്രതികരിച്ച് കേരളത്തിന്റെ ചുമതലയിലുള്ള എ.ഐ.സി.സി ജനറൽസെക്രട്ടറി ദീപ ദാസ് മുൻഷി. ഇത്തരത്തിലുള്ള

തനിക്ക് ഇതുവരെ അത്തരത്തിലുള്ള കത്തുകളൊന്നും ലഭിച്ചിട്ടില്ലെന്നും എന്തെങ്കിലും പരാതികൾ ഉണ്ടെങ്കിൽ അടുത്ത സ്‌ക്രീനിംഗ് കമ്മിറ്റിയിൽ അത് ചർച്ച ചെയ്യുമെന്നും അവർ പറഞ്ഞു.

തൃക്കരിപ്പൂർ മണ്ഡലം കേരള കോൺഗ്രസിൽ നിന്നും തിരിച്ചു പിടിക്കാൻ ചർച്ചകൾ സജീവമാകുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് നേതാവ് ജോമോൻ ജോസിനെതിരായി പുറത്തുവന്ന കത്ത് വിവാദമായത് .കാസർകോട് ഡി.സി.സി പ്രസിഡന്റ് പി.കെ.ഫൈസൽ വ്യാജ കത്ത് ഉണ്ടാക്കിയെന്നാണ് ആരോപണം. ജോമോന് എതിരായ കത്തിൽ ഒപ്പുവെച്ചില്ലെന്നും ഡി.സി.സി പ്രസിഡന്റ് ആവശ്യപെട്ടതിനെത്തുടർന്നാണ് ബ്ലാങ്ക് പേപ്പറിൽ ഒപ്പുവെച്ചതെന്നും ഭീമനടി മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷെരീഫ് അടക്കമുള്ളവർ വെളിപ്പെടുത്തിയതോടെയാണ് സംഭവം വിവാദമായത്.

ജോമോനെ പരിഗണിക്കുന്നതിൽ കടുത്ത എതിർപ്പ് അറിയിച്ചുകൊണ്ടുള്ള കത്തിൽ 10 മണ്ഡലം പ്രസിഡന്റുമാരുടെ ഒപ്പാണുള്ളത്. എന്നാൽ ജോമോന് എതിരായ കത്തിൽ ഒപ്പുവെച്ചില്ലെന്ന് മണ്ഡലം പ്രസിഡന്റുമാർ തന്നെ അറിയിച്ചതോടെ ഡി.സി.സി പ്രസിഡന്റ് സമ്മർദത്തിലായി.

ഡിസിസി പ്രസിഡന്റിന് ബ്ലാങ്ക് പേപ്പറിൽ ഒപ്പുവെച്ച് നൽകിയിരുന്നുവെന്ന് മണ്ഡലം പ്രസിഡന്റുമാർ പറയുന്നു. അദ്ദേഹം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ബ്ലാങ്ക് പേപ്പറിൽ ഒപ്പുവെച്ചതെന്നും ഇവർ വെളിപ്പെടുത്തിയിട്ടുണ്ട്. തൃക്കരിപ്പൂർ മണ്ഡലം ഏറ്റെടുക്കാനുള്ള കത്ത് അയക്കാനാണ് ഒപ്പ് വാങ്ങിയതെന്നും ഇവർ പറഞ്ഞു. വ്യാജ ഒപ്പ് ഉപയോഗിച്ച് നാല് കത്തുകൾ അയച്ചുവെന്നാണ് വിവരം.