കത്തോലിക്ക കോൺഗ്രസ് 108 -ാം ജന്മവാർഷിക സമ്മേളനം: കത്തോലിക്കാ കോൺഗ്രസ്സ് സാമുദായിക ശക്തി: മാർ റാഫേൽ തട്ടിൽ
കണ്ണൂർ: കത്തോലിക്കാ കോൺഗ്രസ് രാഷ്ട്രീയ ശക്തിയല്ലെന്നും സാമുദായിക ശക്തിയാണെന്നും
സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു.സമുദായ ശക്തീകരണം രാഷ്ട്ര പുരോഗതിക്ക് എന്ന മുദ്രാവാക്യവുമായി അഖില കേരള കത്തോലിക്ക കോൺഗ്രസിന്റെ 108 -ാം ജന്മവാർഷിക സമ്മേളനം കണ്ണൂർ പൊലീസ് മൈതാനിയിലെ ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളി നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മേഖലയിൽ സർക്കാർ ചെയ്യേണ്ട കാര്യങ്ങൾ സമുദായം ചെയ്തതാണ് പള്ളിക്കൂടം. ജാതി അനുസരിച്ച് കുട്ടികൾ വസ്ത്രങ്ങൾ ഇടാത്തപ്പോൾ കത്തോലിക്കാസഭ നടത്തിയ പരിഷ്കാരമാണ് പള്ളിക്കൂടങ്ങളിലെ യൂണിഫോം. ജാതിവ്യവസ്ഥകൾ പള്ളിക്കൂടങ്ങളിൽ പാടില്ലെന്നു ബോധ്യപ്പെടുത്താനാണ് യൂണിഫോം സമ്പ്രദായം നടപ്പിലാക്കിയത്. സ്ത്രീകളുടെ വിദ്യാഭ്യാസത്തിലും തുല്യ അവകാശമുണ്ടെന്നു പറഞ്ഞത് കത്തോലിക്ക സമുദായമാണ്.. കണ്ണൂർ, കാസർഗോഡ് ജില്ലകളെ സൃഷ്ടിച്ചത് സർക്കാരാണെങ്കിലും ഇന്നു കാണുന്ന രീതിയിൽ ഈ ജില്ലകളെ മാറ്റിയത് കുടിയേറ്റ കർഷകരാണെന്നും അദ്ദേഹം പറഞ്ഞു.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി മുഖ്യപ്രഭാഷണവും ബിഷപ് ലഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ അനുഗ്രഹപ്രഭാഷണവും നടത്തി. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, പാലക്കാട് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ, ആർച്ച്ബിഷപ് എമരിറ്റസ് മാർ ജോർജ് ഞറളക്കാട്ട് എന്നിവർ സന്ദേശങ്ങൾ നല്കി. ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ.ഫിലിപ്പ് കവിയിൽ ആമുഖപ്രഭാഷണവും ജനറൽ സെക്രട്ടറി ഡോ.ജോസ്കുട്ടി ജെ. ഒഴുകയിൽ വിഷയാവതരണവും നടത്തി. കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് സ്വാഗതവും ഗ്ലോബൽ വൈസ് പ്രസിഡന്റ് ട്രീസ ലിസ് സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം പള്ളിക്കുന്ന് ശ്രീപുരം ബറുമറിയം പാസ്റ്ററൽ സെന്ററിൽ കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ ഉദ്ഘാടനം ചെയ്തു.
ശക്തി തെളിയിച്ച് മഹാറാലി
സമ്മേളനത്തിന് മുന്നോടിയായി കണ്ണൂർ പോലീസ് മൈതാനിയിൽ നിന്ന് ആരംഭിച്ച ഒരു ലക്ഷത്തോളം പേരുടെ മഹാറാലി ആർച്ച് ബിഷപ് എമിരറ്റസ് മാർ ജോർജ് വലിയമറ്റം ഫ്ലാഗ് ഓഫ് ചെയ്തു. ബിഷപുമാരും വൈദികരും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഭാരവാഹികളും സിസ്റ്റേഴ്സും തലശേരി അതിരൂപതയിലെ 19 ഫൊറോനകളിൽ നിന്നുള്ളവരും വിവിധ രൂപതകളിലെ കത്തോലിക്ക കോൺഗ്രസ് പ്രതിനിധികളും റാലിയിൽ പങ്കെടുത്തു. റാലി കണ്ണൂർ നഗരചുറ്റി സമ്മേളനനഗരിയിൽ സമാപിച്ചു.