ഹോട്ടൽ അടഞ്ഞപ്പോൾ ജോലി നഷ്ടപ്പെട്ട് തൊഴിലാളികൾ

Sunday 15 March 2026 12:50 AM IST

ആലപ്പുഴ: പാചകവാതക പ്രതിസന്ധി രൂക്ഷമായി ഹോട്ടലുകൾക്ക് താഴുവീണതോടെ തൊഴിലാളികൾ പ്രതിസന്ധിയിൽ. പ്രവർത്തിക്കുന്ന ഹോട്ടലുകളിൽ തന്നെ വിഭവങ്ങൾക്ക് നിയന്ത്രണം വന്നതോടെ ആവശ്യമുള്ള തൊഴിലാളികളുടെ എണ്ണത്തിലും കുറവ് വന്നു. വരുമാനത്തിൽ ഇടിവുണ്ടായതോടെ , റംസാന് നൽകിവന്നിരുന്ന ബോണസ് ഇത്തവണ എങ്ങനെ നൽകുമെന്ന ആശങ്കയിലാണ് ഹോട്ടലുടമകൾ.

ജില്ലയിൽ ഇന്നലെ വരെ 500ഹോട്ടലുകളാണ് പൂട്ടിയത്. 1500ഓളം ഹോട്ടലുകളാണ് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന് കീഴിൽ ജില്ലയിലുള്ളത്. ഇവ കൂടാതെ ചെറുകിട ഹോട്ടലുകളും തട്ടുകടകളും വേറെയുണ്ട്.

ജില്ലയിൽ 3000ൽ അധികം തൊഴിലാളികൾക്ക് ജോലി ഇല്ലാത്ത അവസ്ഥയുണ്ട്. അന്യസംസ്ഥാനക്കാരുൾപ്പെടെയുള്ള തൊഴിലാളികൾക്ക് പ്രതിദിന ചെലവുകൾക്കുള്ള തുക ഹോട്ടലുടമകൾ നൽകുകയാണിപ്പോൾ. 20ൽ അധികം പേർ ജോലി ചെയ്തു വന്നിരുന്ന ഹോട്ടലുകളിൽ ഇപ്പോൾ അഞ്ചുപേർക്ക് ചെയ്യാവുന്ന ജോലി മാത്രമേയുള്ളു. അന്യസംസ്ഥാനക്കാർ നാട്ടിലേക്കുപോയാൽ തിരിച്ചെത്താൻ വൈകുമോ എന്ന ആശങ്കയും ഹോട്ടലുടമകൾക്കുണ്ട്. ഹോട്ടലുകളെപ്പോലെ കാറ്ററിംഗ് മേഖലയിലും പ്രതിസന്ധി രൂക്ഷമാണ്. പൂർണമായും അടുപ്പിലേക്ക് മാറേണ്ട സ്ഥിതിയായതിനാൽ പല കാറ്ററിംഗ് സ്ഥാപനങ്ങളും പുതുതായി അടുപ്പ് നിർമ്മിച്ചുതുടങ്ങി.

തൊഴിലാളികൾക്ക് ഷിഫ്റ്ര്

 വിറകടുപ്പ് ഉപയോഗിച്ച് പാചകം ചെയ്യാൻ കഴിയുന്ന ഹോട്ടലുകളിൽ ഇപ്പോൾ ജീവനക്കാരുടെ പ്രവർത്തനം ഷിഫ്റ്റ് അടിസ്ഥാനത്തിലാക്കി

മൂന്നും നാലും ഹോട്ടലുകളുള്ളവർ അടുക്കള ഒരിടത്ത് ക്രമീകരിച്ചാണ് ഭക്ഷണം പാകം ചെയ്യുന്നത്

ബിരിയാണി, ചോറ്, ഇറച്ചി ബീഫ് കറി, മീൻകറി, അൽഫാം തുടങ്ങി ചെലവുകുറച്ച് ഉണ്ടാക്കാൻ കഴിയുന്ന വിഭവങ്ങളിലേക്ക് ചുരുങ്ങി

ഇങ്ങനെ ക്രമീകരിച്ചപ്പോൾ ജീവനക്കാർക്ക് ചെയ്യാനുള്ള ജോലിയുമില്ലാതെയായി. ഇതോടെയാണ് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലിയാക്കിയത്

ഇന്നലെ വരെ ജില്ലയിൽ പൂട്ടിയത്

500 ഹോട്ടലുകൾ

വിറകിന് തീപിടിച്ച വില

ഹോട്ടലുകളിൽ വിറക് അടുപ്പുകൾ ഉപയോഗിച്ച് തുടങ്ങിയതോടെ വിറകിന് വലിയ ഡിമാൻഡാണ്. ടണ്ണിന് 2500-2700 വരെ ഉണ്ടായിരുന്ന റബർ വിറകിന് 3700 രൂപ വരെയാണ് വില. പുളിമരത്തിന് 4000ന് മുകളിലും വിലയായിട്ടുണ്ട്. മില്ലുകളിൽ നിന്ന് വാങ്ങിയിരുന്ന പാഴ് വിറകിന് കിലോയ്ക്ക് നാലര രൂപയായിരുന്നത് ഇപ്പോൾ ഏഴര രൂപയ്ക്കാണ് വിൽക്കുന്നത്.

തൊഴിലാളികളുടെ കൂലി

പൊറോട്ട കുക്ക്- 800-100

പാചകം- 1000-1500

ചൈനീസ് കുക്ക്- 800-1000

സപ്ലയർ- 750-900

ക്ലീനിംഗ്- 800-1000

അതീവ പ്രതിസന്ധിയാണ് നിലവിലുള്ളത്. വിറകിനും വിലകൂടി. ഹോട്ടലുകൾ എല്ലാം പൂട്ടിത്തുടങ്ങി. ഇന്ന് കൂടുതൽ ഹോട്ടലുകൾ അടയും

-നാസർ ബി. താജ് ,ജില്ലാ പ്രസിഡന്റ് ,കെ.എച്ച്.ആർ.എ