സ്ഥലം കൈയേറിയെന്ന് പരാതി
തുറവൂർ: ദേശീയപാതയോരത്തെ സ്വകാര്യ സ്ഥലം കൈയേറി നിർമാണാവശിഷ്ടങ്ങൾ സൂക്ഷിക്കുന്നതായി പരാതി. തുറവൂർ പുത്തൻകാവ് ചേറ്റുകാട്ടിൽ തെക്കേ നികർത്തിൽ എൻ. എ. സുരേഷ് ബാബു ഹോട്ടൽ തുടങ്ങുന്നതിനായി വാടകയ്ക്ക് എടുത്ത സ്ഥലം ഉയരപ്പാത നിർമാണ കമ്പനി കൈയേറിയെന്നാണ് ആരോപണം.
ചമ്മനാട്ടെ 17 സെന്റ് സ്ഥലമാണ് സുരേഷ് ബാബു മാസം 25,000 രൂപ വാടകയ്ക്ക് 10 വർഷത്തേക്ക് പാട്ടത്തിനെടുത്തത്. എന്നാൽ ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾ കാരണം ഹോട്ടൽ ആരംഭിക്കാൻ സാധിച്ചിരുന്നില്ല. ഇതുമൂലം സ്ഥലം കുറേ നാളുകളായി ഒഴിവായി കിടക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഹോട്ടൽ തുടങ്ങാനുള്ള തയ്യാറെടുപ്പുകളുമായി സുരേഷ് ബാബു സ്ഥലത്തെത്തിയപ്പോൾ പ്രവേശിക്കാൻ കഴിയാത്ത വിധം മണൽ ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികൾ കൂമ്പാരമായി കിടക്കുന്നതായി കണ്ടെത്തി.
ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും കരാർ കമ്പനിയുടെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഗതാഗത, പൊതുമരാമത്ത് മന്ത്രിമാർക്കും ദേശീയ പാത അതോറിറ്റിക്കും ജില്ലാ കളക്ടർക്കും പൊലീസിനും പരാതി നൽകിയിട്ടുണ്ടെന്ന് സുരേഷ് ബാബു അറിയിച്ചു.