മാമ്പുള്ളി എടത്ര ഭഗവതി ക്ഷേത്രത്തിൽ മോഷണം : 20,000 രൂപ നഷ്ടപ്പെട്ടു

Sunday 15 March 2026 1:12 AM IST

അന്തിക്കാട്: കണ്ടശ്ശാംകടവ് മാമ്പുള്ളി എടത്ര ഭഗവതി ക്ഷേത്രത്തിൽ മോഷണം; 20,000 രൂപ നഷ്ടപ്പെട്ടു. ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പണമാണ് മോഷ്ടിച്ചത്. ഇന്നലെ പുലർച്ചെ ഏകദേശം അഞ്ചോടെ ക്ഷേത്ര മാനേജർ ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടെത്തിയത്. വഴിപാട് കൗണ്ടറിന്റെ പൂട്ടു പൊളിച്ച് അകത്ത് കടന്നാണ് മേശവലിപ്പിലെ പണം മോഷ്ടിച്ചത്. അലമാര തുറന്ന നിലയിലും അതിനുള്ളിലെ സാധനങ്ങൾ വലിച്ചിട്ട നിലയിലുമായിരുന്നു. കഴിഞ്ഞ ദിവസം ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് വഴിപാട് കൗണ്ടറിലൂടെ ലഭിച്ച പണമാണ് നഷ്ടപ്പെട്ടത്. സമീപത്തെ ഊട്ടുപുരയോട് ചേർന്നുള്ള ട്രസ്റ്റി ഓഫീസിന്റെ പൂട്ടും പൊളിച്ച് അകത്ത് കടന്നെങ്കിലും അവിടെ നിന്ന് ഒന്നും നഷ്ടപ്പെട്ടിട്ടില്ല. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് മണം പിടിച്ച് ക്ഷേത്രത്തിന്റെ പിൻവശം വഴി ഓടി കണ്ടശ്ശാംകടവ്-മാമ്പുള്ളി റോഡിൽ എത്തി.

ഫോട്ടോ: കണ്ടശ്ശാംകടവ് മാമ്പുള്ളി എടത്ര ഭഗവതി ക്ഷേത്രത്തിൽ കടന്ന മോഷ്ടാക്കൾ അലമാര തുറന്ന് അതിനുള്ളിലെ സാധനങ്ങൾ വലിച്ചിട്ട നിലയിൽ.