കൊട്ടിയത്ത് ഗുരുമന്ദിരത്തിന് നേരെ ആക്രമണം

Sunday 15 March 2026 1:58 AM IST

കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊട്ടിയം 903-ാം നമ്പർ ശാഖയുടെ അധീനതയിലുള്ള ഗുരുമന്ദിരത്തിന് നേരെ യുവാവിന്റെ ആക്രമണം. ഗുരുമന്ദിരത്തിന്റെ ഒരുവശത്തെ ഗ്ലാസ് തകർത്തു. ഗുരുമന്ദിരത്തിന് മുന്നിലെ വഞ്ചിയും തകർക്കാൻ ശ്രമിച്ചു. വെൺമണിച്ചിറ ചിറക്കര പുത്തൻവീട്ടിൽ വൈശാഖിനെ (25) കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തു.

കൊട്ടിയം- മയ്യനാട് റോഡിൽ കൊട്ടിയം ജംഗ്ഷനിൽ നിന്ന് ഇരുന്നൂറ് മീറ്റർ അകലെ ഗുരുമന്ദിരം ജംഗ്ഷനിലെ ഗുരുമന്ദിരത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്നലെ പുലർച്ചെ 12.45 ഓടെയാണ് സംഭവം. ഗ്രാനൈറ്റ് കഷണം ഉപയോഗിച്ചാണ് ചില്ല് തകത്തത്. അറുപത് വർഷം മുമ്പ് നിർമ്മിച്ചതാണ് ഗുരുമന്ദിരം. നാലുവർഷം മുമ്പ് നടന്ന നവീകണത്തിലാണ് ഗ്ലാസുകൾ സ്ഥാപിച്ചത്. സമീപത്തെ നിരീക്ഷണ കാമറാ ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇന്ന് കോടതിയിൽ ഹാജരാക്കും.

ഗുരുമന്ദിരത്തിന് നേരെയുണ്ടായ ആക്രമണം നിസാരമായി തള്ളിക്കളയാനാകില്ല. അനേകം പേരുടെ ആരാധനാ കേന്ദ്രമാണ്. സമാനമായ സംഭവം ആവർത്തിക്കപ്പെടരുത്.

എൻ.ദിനേശ്, ശാഖാ പ്രസിഡന്റ്

ഗുരുമന്ദിരം ആക്രമിക്കപ്പെട്ടത് ഗൗരവമുള്ള കാര്യമാണ്. ഇതിൽ എല്ലാ വിഭാഗം ജനങ്ങൾക്കും ശക്തമായ പ്രതിഷേധമുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പൊലീസ് ജാഗ്രത പാലിക്കണം.

ഷോബി ബ്രഹ്മാനന്ദൻ, ശാഖ സെക്രട്ടറി