കവടിയാർ കൊട്ടാരത്തിൽ വൻകവർച്ച; കാണാതായത് രണ്ടുകോടി രൂപ വിലമതിപ്പുള്ള സ്വർണാഭരണങ്ങൾ

Sunday 15 March 2026 9:29 AM IST

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിൽ നിന്ന് രണ്ടുകോടി രൂപ വിലമതിപ്പുള്ള സ്വർണാഭരണങ്ങൾ മോഷണം പോയി. അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കാണാതായത്. കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് നൽകിയ പരാതിയിൽ പേരൂർക്കട പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

രത്നക്കല്ലുൾപ്പെടെയുള്ള സ്വർണാഭരണങ്ങൾ ഇരുമ്പ് പെട്ടിയിലാണ് സൂക്ഷിച്ചിരുന്നത്. കഴിഞ്ഞ നവംബറിൽ ബംഗളൂരുവിൽ പോകുന്നതിനു മുൻപായി അലമാര തുറന്നപ്പോഴാണ് ആഭരണം നഷ്ടമായതായി കണ്ടത്. ഇതിന് പത്ത് ദിവസം മുൻപും ആഭരണം പുറത്തെടുത്ത് അടുക്കി വച്ചിരുന്നു. തുടർന്ന് കൊട്ടാരത്തിൽ പരിശോധന നടത്തിയിട്ടും കണ്ടെത്താതിരുന്നതിനെ തുടർന്നാണ് രണ്ട് ദിവസം മുൻപ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

അരപവന്റെ ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വർണ്ണ മുത്തും ഇടകലർന്ന സ്വർണമാല, മൂന്ന് പവന്റെ പിച്ചിപ്പൂമൊട്ട് ഡിസൈനിലുള്ള പാദസരം, രണ്ട് പവന്റെ കറുത്ത മുത്തും സ്വർണ മുത്തും ഇടകലർന്ന പാദസരം, നാല് പവന്റെ വീതിയുള്ള ഇല ഡിസൈനോടുകൂടിയ രണ്ട് വളകൾ, മൂന്ന് പവന്റെ വീതി കുറഞ്ഞ രണ്ട് പിരിവള, കുഞ്ച ചുവപ്പ് കല്ല് പതിച്ച വലിയ രണ്ട് കമ്മലുകൾ, രണ്ടര പവന്റെ പച്ച ഇനാമൽ രണ്ടിലയും നടുക്ക് വെള്ള ഇനാമൽ ശംഖും പതിച്ച സ്വർണപ്പതക്കം, അഞ്ച് പവന്റെ സ്വർണക്കുഴി മിന്നുമാല, എട്ട് ലക്ഷം രൂപ വില വരുന്ന പച്ച കല്ല് പതിച്ച നാഗപട കമ്മൽ, രണ്ട് പവന്റെ ഇല ഡിസൈനോടുകൂടിയ മാട്ടി, ആറ് പവന്റെ റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച വീതിയുള്ള രണ്ട് ഒഴുക്കൻ വള, ഒരു പവന്റെ നേർത്ത ചെയിനിൽ പത്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വർണപതക്കം, ഒരു പവൻ വീതം തൂക്കം വരുന്ന അഞ്ച് കുതിരപ്പവൻ നാണയങ്ങൾ എന്നിവയാണ് മോഷണം പോയത്.