നെതന്യാഹു ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടോ? വിഷയത്തിൽ വ്യക്തതവരുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്

Sunday 15 March 2026 10:27 AM IST

ടെൽഅവീവ്: ഇസ്രേയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മരിച്ചെന്ന തരത്തിൽ കഴിഞ്ഞദിവസം വാർത്തകൾ പ്രചരിച്ചിരുന്നു. നെതന്യാഹു ഇറാന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നും അതല്ല അദ്ദേഹം രാജ്യംവിട്ടെന്നുമൊക്കെയാണ് സോഷ്യൽ മീഡിയയിലെ പ്രചരണം.

ഇറാൻ-ഇസ്രായേൽ യുദ്ധം 15-ാം ദിവസത്തിലേക്ക് കടന്ന പശ്ചാത്തലത്തിൽ വെള്ളിയാഴ്ച നെതന്യാഹു ഔദ്യോഗിക എക്സ് അക്കൗണ്ടിൽ രാജ്യത്തെ അഭിസംബോധന ചെയ്യുന്ന വീഡിയോ പങ്കുവച്ചിരുന്നു. ഈ വീഡിയോയിൽ അദ്ദേഹം സംസാരിക്കുമ്പോൾ വലതുകൈയിൽ ആറ് വിരലുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ദശലക്ഷക്കണക്കിന് ആളുകളാണ് രംഗത്തെത്തിയത്. പിന്നാലെ വീഡിയോയിലുള്ളത് നെതന്യാഹുവിന്റെ അപരനാണെന്ന തരത്തിൽ അഭ്യൂഹവും പടർന്നു.

'ഇത് എഐയുടെ ഗ്ലിച്ച് ആണ്, അദ്ദേഹത്തിന്റെ വിരലുകളിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കൂ' എന്നിങ്ങനെയുള്ള കമന്റുകളുമായി വീഡിയോ വ്യാപകമായി പ്രചരിച്ചു. അമേരിക്കൻ രാഷ്ട്രീയ നിരീക്ഷക കാൻഡേസ് ഓവൻസ് എവിടെയാണ് നെതന്യാഹു എന്ന് ചോദിച്ചുകൊണ്ട് രംഗത്തെത്തി. എന്തിനാണ് അദ്ദേഹത്തിന്റെ ഓഫീസ് വ്യാജ വീഡിയോകൾ പങ്കുവയ്ക്കുന്നതെന്നും അവർ ചോദിക്കുന്നു.

ഇപ്പോഴിതാ സംഭവത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് നെതന്യാഹുവിന്റെ ഓഫീസ്. പ്രധാനമന്ത്രി മരിച്ചിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നെതന്യാഹു സുഖമായി ഇരിക്കുന്നുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.