ട്രെയിനിൽ ആരും പട്ടിണി കിടക്കില്ല; പാചകവാതക പ്രതിസന്ധി ഏശില്ല, പുത്തൻ ഐഡിയയുമായി റെയിൽവേ

Sunday 15 March 2026 11:37 AM IST

ന്യൂഡൽഹി: ഇറാനുമായുള്ള യുഎസ് - ഇസ്രയേൽ സഖ്യത്തിന്റെ യുദ്ധം ഇപ്പോഴും തുടരുകയാണ്. ഇതിലൂടെ വിവിധ രാജ്യങ്ങൾ അടിസ്ഥാനപരമായ പല കാര്യങ്ങളിലും പ്രതിസന്ധി നേരിടുകയാണ്. അതിൽ പ്രധാനപ്പെട്ടതാണ് പാചകവാതക പ്രതിസന്ധി. രാജ്യത്തെ വിവിധ മേഖലകളിൽ പാചകവാതക പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കാറ്ററിംഗ്,​ ഹോട്ടലുകൾ,​ ശ്‌മശാനങ്ങൾ തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾ താറുമാറാകുന്ന നിലയിലാണ്.

ഈ പ്രതിസന്ധി വീണ്ടും തുടർന്നാൽ ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നത് ഇന്ത്യൻ റെയിൽവേയുടെ ഭക്ഷണ വിതരണത്തെയായിരിക്കും. ട്രെയിനുകളിലും സ്റ്റേഷനുകളിലും ഭക്ഷണം എത്തിക്കുന്ന ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ (ഐആർസിടിസി) വലിയൊരു പ്രതിസന്ധി നേരിടുകയാണ്. വാണിജ്യ സിലിണ്ടറുകളുടെ ദൗർലഭ്യം കാരണം ട്രെയിനുകളിലെ പാചകം താൽക്കാലികമായി നിലച്ചേക്കാമെന്ന തരത്തിലുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. ദിവസവും ഏകദേശം 17 ലക്ഷം പേർക്ക് ഭക്ഷണം നൽകുന്ന ഐആർസിടിസിയുടെ ബേസ് കിച്ചണുകളെയാണ് ഈ പ്രതിസന്ധി കാര്യമായി ബാധിച്ചിരിക്കുന്നത്.

പാചകം തടസപ്പെട്ടാൽ ട്രെയിനുകളിൽ നേരത്തെ ബുക്ക് ചെയ്ത മീൽസ് നൽകാൻ കഴിഞ്ഞെന്നു വരില്ലെന്ന ആശങ്കയുമുണ്ടായിരുന്നു. എന്നാൽ പ്രതിസന്ധിയുണ്ടാകില്ലെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്. യാത്രക്കാർക്ക് ഭക്ഷണം എത്തിക്കാൻ സാധിച്ചില്ലെങ്കിൽ യാത്രക്കാർ അടച്ച പണം തിരികെ നൽകാനുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇതിനോടകം തന്നെ ഐആർസിടിസി തങ്ങളുടെ കാറ്ററിംഗ് യൂണിറ്റുകൾക്ക് കർശന നിർദ്ദേശം നൽകിക്കഴിഞ്ഞു.

ഭക്ഷണമെത്തിക്കുന്നത് മുടങ്ങാതിരിക്കാൻ ഗ്യാസിന് പകരമുള്ള മറ്റ് മാർഗങ്ങൾ ഉടനടി കണ്ടെത്താനും റെയിൽവേ ആവശ്യപ്പെട്ടിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളിലെ ഫുഡ് പ്ലാസകൾ, ജൻ ആഹാർ ഔട്ട്‌ലെറ്റുകൾ, റിഫ്രഷ്‌മെന്റ് റൂമുകൾ എന്നിവയെല്ലാം അതീവ ജാഗ്രതയിലാണ്. പാചകവാതകം കിട്ടാത്ത സാഹചര്യമുണ്ടായാൽ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കാനും ബദൽ സംവിധാനങ്ങൾ ഒരുക്കി യാത്രക്കാർക്ക് തടസമില്ലാതെ ഭക്ഷണം നൽകാനും നിർദ്ദേശമുണ്ട്. യാത്രക്കാരുടെ ആവശ്യം നിറവേറ്റുന്നതിനായി യൂണിറ്റുകളിൽ റെഡി ടു ഈറ്റ് ഭക്ഷണ പദാർഥങ്ങളുടെ മതിയായ ശേഖരം നിലനിർത്തണമെന്നും അറിയിച്ചിട്ടുണ്ട്.