ധര്‍മ്മടത്ത് ഷാഫി പറമ്പില്‍? നാല് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ സാദ്ധ്യത, ഡല്‍ഹിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍

Sunday 15 March 2026 7:50 PM IST

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് നാല് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ സാദ്ധ്യത. നാളെ നിശ്ചയിച്ചിരുന്ന കെ സുധാകരന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച മാറ്റി വച്ചു. ഇത് ചൊവ്വാഴ്ച നടക്കാനാണ് സാദ്ധ്യതയെന്നാണ് ഡല്‍ഹിയില്‍ നിന്നുള്ള വിവരം. കേരളത്തിലെ നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള ചര്‍ച്ചകളാണ് ഡല്‍ഹിയില്‍ നടക്കുന്നത്. എംപിമാരുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അന്തിമ തീരുമാനം എഐസിസി നേതൃത്വമാണ് കൈക്കൊള്ളുക.

കേരളത്തില്‍ നിന്ന് നാല് എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കാനാണ് സാദ്ധ്യത തെളിയുന്നത്. നാളെയും മറ്റന്നാളും നടക്കുന്ന ചര്‍ച്ചകള്‍ക്കൊടുവിലായിരിക്കും അന്തിമ തീരുമാനമുണ്ടാകുക. കണ്ണൂര്‍ എംപിയും കെപിസിസി മുന്‍ അദ്ധ്യക്ഷനുമായ കെ സുധാകരന്‍ കണ്ണൂര്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കണമെന്ന ആഗ്രഹം നേരത്തെ തന്നെ പ്രകടമാക്കിയിരുന്നു. എന്നാല്‍ ഇതില്‍ സംസ്ഥാന നേതൃത്വത്തിന് കടുത്ത വിയോജിപ്പുണ്ട്. സംസ്ഥാനത്ത് എംപിമാര്‍ ആരും മത്സരിക്കുന്നതിനോടും സംസ്ഥാന നേതൃത്വത്തിന് താത്പര്യമില്ല.

വടകര എംപി ഷാഫി പറമ്പില്‍ കണ്ണൂര്‍ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന് എതിരെ മത്സരിച്ചേക്കും. അത്തരത്തിലൊരു ചര്‍ച്ച ഡല്‍ഹി കേന്ദ്രീകരിച്ച് പുരോഗമിക്കുന്നുണ്ട്. ഷാഫിയെ പോലെ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ഒരു സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിച്ചാല്‍ പിണറായിയെ മണ്ഡലത്തില്‍ തന്നെ തളച്ചിടാമെന്നും കോണ്‍ഗ്രസ് നേതൃത്വം കണക്ക്കൂട്ടുന്നു. കോഴിക്കോട് എംപി എംകെ രാഘവന്‍ കോഴിക്കോട് നോര്‍ത്തിലും ആറ്റിങ്ങല്‍ എംപി അടൂര്‍ പ്രകാശ് കോന്നിയിലും ജനവിധി തേടാനുള്ള സാദ്ധ്യതയാണുള്ളത്. എന്നാല്‍ ഇതില്‍ അന്തിമ തീരുമാനമായിട്ടില്ല.

രണ്ട് ദിവസത്തിനകം സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാകുമെന്നാണ് കെ.സി വേണുഗോപാല്‍ പ്രതികരിച്ചത്. നാല് എംപിമാര്‍ മത്സരിക്കുകയാണെങ്കില്‍ കെ.സി വേണുഗോപാലിനും ഇളവ് വേണമെന്നാണ് അദ്ദേഹത്തിന്റെ അനുകൂലികള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ എംപിമാര്‍ മത്സരിച്ചാല്‍ തങ്ങള്‍ മത്സരരംഗത്ത് നിന്ന് പിന്‍മാറുമെന്ന മുന്നറിയിപ്പ് സംസ്ഥാന നേതൃത്വത്തിലെ ചില പ്രമുഖര്‍ എഐസിസിയെ അറിയിച്ചിട്ടുണ്ട്.