ആദ്യ എക്‌സിറ്റ് പോൾ ഫലം പുറത്ത്,​ കോന്നി എൽ.ഡി.എഫ് പിടിച്ചെടുക്കും,​ വോട്ടുനില ഇങ്ങനെ

Monday 21 October 2019 6:58 PM IST

തിരുവനന്തപുരം: കേരളത്തിൽ അഞ്ച് നിയോജക മണ്ഡലങ്ങളിൽ നടന്ന് ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ എക്സിറ്റ് പോൾ ഫലം പുറത്ത്. കോന്നി എൽ.ഡി.എഫ് പിടിച്ചെടുക്കുമെന്നാണ് മനോരമ ന്യൂസ്–കാർവി ഇന്‍സൈറ്റ്സ് എക്സിറ്റ് പോൾ ഫലങ്ങൾ വ്യക്തമാക്കുന്നത്. എൽ.ഡി.എഫ് 46% വോട്ടുകൾ നേടുമ്പോൾ , യുഡിഎഫ് 41%, ബിജെപി 12% എന്നിങ്ങനെയും നേടുന്നു. എൽ.ഡി.എഫ് സ്ഥാനാർഥിയായി കെ.യു. ജനീഷ് കുമാറാണ് ഇവിടെ മത്സരിച്ചത്.

കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശാണ് ഇവിടെ വിജയിച്ചത്. എന്നാൽ ഇത്തവണ സ്ഥാനാർഥിയെച്ചൊല്ലി തിരഞ്ഞെടുപ്പിന്റെ തുടക്കത്തിൽ തർക്കങ്ങളുണ്ടായിരുന്നു. തന്റെ വിശ്വസ്തനായ റോബിൻ പീറ്ററെ സ്ഥാനാർഥിയാക്കാത്തതിലുള്ള നീരസം അടൂർ പ്രകാശിനുണ്ടായിരുന്നു. 2016ലേതിനെക്കാൾ 9.99% വോട്ടിന് പിന്നിലാണ് ഇത്തവണ യു.ഡി.എഫ്.