കേളികൊട്ട് ഉയർന്നു, ഇനി അങ്കത്തട്ടിൽ

Monday 16 March 2026 12:06 AM IST
ഇനി അങ്കത്തട്ടിൽ

ചുവപ്പുകോട്ടയിൽ പോരാട്ടം ശക്തം, പേരാവൂരിൽ തീപാറും

കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വലത്തോട്ടും നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടത്തോട്ടും ചലിക്കുന്ന കണ്ണൂർ ചരിത്രം ഇക്കുറിയും ആവർത്തിക്കുമോ എന്ന ചോദ്യമാണ് ജില്ലയിൽ ഉയരുന്നത്. 11 നിയമസഭാ മണ്ഡലങ്ങളിൽ ഒമ്പതും ഇടതു മുന്നണിയുടെ കൈവശമുള്ള ജില്ലയിൽ, ആറ് മണ്ഡലങ്ങളിൽ എൽ.ഡി.എഫ് മൃഗീയ ഭൂരിപക്ഷത്തിൽ ജയിച്ചുവരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് ഇങ്ങനെ സംസ്ഥാന രാഷ്ട്രീയത്തിലെ തലയെടുപ്പുള്ള നേതാക്കളുടെ ഹോം ഗ്രൗണ്ടായ കണ്ണൂരിൽ ഇക്കുറി നിലനിർത്താനും പിടിച്ചെടുക്കാനുമുള്ള പോരാട്ടമാണ്. സി.പി.എം. ഉരുക്കുകോട്ടകളായ തലശ്ശേരി, കൂത്തുപറമ്പ്, പയ്യന്നൂർ, കല്യാശ്ശേരി, ധർമടം എന്നീ മണ്ഡലങ്ങളിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് മികച്ച മുന്നേറ്റമാണ് നടത്തിയത്. ഈ സാഹചര്യത്തിൽ ഈ മണ്ഡലങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിലും അത്ഭുതങ്ങൾ സംഭവിക്കാനില്ല. ഭരണവിരുദ്ധ വികാരമോ യു.ഡി.എഫ് തരംഗമോ ഉണ്ടായാലും ഈ കോട്ടകൾ ഭദ്രമായിരിക്കുമെന്ന ആത്മവിശ്വാസത്തിലാണ് എൽ.ഡി.എഫ്. ധർമടത്ത് മുഖ്യമന്ത്രി പിണറായി വിജയനും കല്യാശ്ശേരിയിൽ എം. വിജിനും അഴീക്കോട് കെ.വി. സുമേഷും പയ്യന്നൂരിൽ ടി.ഐ. മധുസൂദനനും ഒരിക്കൽ കൂടി ജനവിധി തേടും. തലശ്ശേരിയിൽ രണ്ടു ടേം പൂർത്തിയാക്കിയ സ്പീക്കർ എ.എൻ. ഷംസീറിന് പകരം കാരായി രാജനാണ് മത്സരിക്കുന്നത്. കണ്ണൂർ, കൂത്തുപറമ്പ് സീറ്റുകൾ എൽ.ഡി.എഫ് ഘടകകക്ഷികൾക്കാണ് നൽകിയിരിക്കുന്നത്.

കണ്ണൂരും അഴീക്കോടും യു.ഡി.എഫ് ലക്ഷ്യം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ജയിച്ച കണ്ണൂർ, അഴീക്കോട് നിയമസഭാ മണ്ഡലങ്ങളിൽ ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് ലീഡ് നേടി. കണ്ണൂരിൽ 10,459 വോട്ടിന്റെ ലീഡ്; അഴീക്കോട് 2,489 വോട്ടിന്റെ ലീഡ്. ഇരിക്കൂർ, പേരാവൂർ സീറ്റുകൾ നിലനിർത്തുന്നതിനൊപ്പം കണ്ണൂരും അഴീക്കോടും കൂടി നേടാമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.

ഹോട്ടായി പേരാവൂർ

ഈ തിരഞ്ഞെടുപ്പിലെ ജില്ലയിലെ ഏറ്റവും ഉദ്വേഗഭരിതമായ ഏറ്റുമുട്ടൽ നടക്കുക പേരാവൂരിലാണ്. കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫിനെ നേരിടാൻ ജനകീയ മുഖമായ മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ രംഗത്തിറങ്ങും. തളിപ്പറമ്പിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന അതൃപ്തി വോട്ടാകുമെന്നാണ് യു.ഡി.എഫ്. പ്രതീക്ഷ. മട്ടന്നൂരിൽ കഴിഞ്ഞ തവണ ആർ.എസ്.പിക്ക് അനുവദിച്ച യു.ഡി.എഫ് സീറ്റ് ഇക്കുറി കോൺഗ്രസ് ഏറ്റെടുക്കും.

മുൻ ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ, പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനനെതിരെ ഉന്നയിച്ച ആരോപണങ്ങൾ പയ്യന്നൂർ മണ്ഡലത്തിൽ ഇപ്പോഴും ചൂടേറിയ തിരഞ്ഞെടുപ്പ് വിഷയമാണ്. ടി.ഐ. മധുസൂദനന് ഒരിക്കൽ കൂടി അവസരം നൽകാനാണ് സി.പി.എം തീരുമാനം.