പാർട്ടി കോട്ടയിൽ ഹാട്രിക്കിനൊരുങ്ങി പിണറായി

Monday 16 March 2026 12:21 AM IST
പിണറായി

കണ്ണൂർ: അമ്പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജയിച്ച ധർമ്മടം മണ്ഡലത്തിൽ ഇക്കുറിയും ജനവിധി തേടാൻ മുഖ്യമന്ത്രി പിണറായി വിജയൻ. 2016ലും 2021ലും തുടർച്ചയായി ജയിച്ച ധർമടം മണ്ഡലത്തിൽ ഹാട്രിക് വിജയം നേടി ഇടതുമുന്നണിയെ വീണ്ടും നയിക്കാനാണ് പിണറായി ലക്ഷ്യമിടുന്നത്.

പിണറായി വിജയനെ നേർക്കുനേർ നേരിടാൻ ശക്തനായ ഒരു സ്ഥാനാർത്ഥിയെ കണ്ടെത്തുകയാണ് യു.ഡി.എഫിന്റെ ഇപ്പോഴത്തെ മുഖ്യ വെല്ലുവിളി. ഷാഫി പറമ്പിൽ എം.പിയെ ഇവിടെ പരീക്ഷിക്കണമെന്ന ആവശ്യം മുന്നണിയിലുണ്ട്. കെ. സുധാകരൻ എം.പി കണ്ണൂരിൽ മത്സരിക്കണമെന്ന ആഗ്രഹം പരസ്യമായി പ്രകടിപ്പിച്ചിരിക്കെ, ആ തീരുമാനത്തിന് ശേഷം മാത്രമേ ഷാഫിയുടെ കാര്യം പരിഗണനയിൽ വരൂ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്ന സി. രഘുനാഥോ മുൻ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസോ ബി.ജെ.പി സ്ഥാനാർത്ഥിയായേക്കും.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് മണ്ഡലം എൽ.ഡി.എഫിന് ഒരു മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 165 ബൂത്തുകളിൽ 85 എണ്ണത്തിൽ മാത്രമാണ് എൽ.ഡി.എഫ് മുന്നിലെത്തിയത്. ആകെ വോട്ടിന്റെ കണക്കിൽ ഇരുമുന്നണികൾ തമ്മിലുള്ള വ്യത്യാസം വെറും 2,616 ആയി ചുരുങ്ങി. എന്നാൽ ലോക്‌സഭ ഫലത്തിന് ശേഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളും എൽ.ഡി.എഫ് കൈക്കലാക്കി. 2011ൽ നിലവിൽ വന്ന ധർമടം മണ്ഡലത്തിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ഉണ്ടായ വികസനം ഒരു പ്രധാന തിരഞ്ഞെടുപ്പ് വിഷയമാകും.