25 വർ‌ഷത്തിനിടെ ആദ്യം;​ എന്തുകൊണ്ട് ബംഗാളിൽ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്തുന്നു,​ മറുപടിയുമായി കമ്മിഷൻ

Sunday 15 March 2026 11:58 PM IST

ന്യൂഡൽഹി: കേരളമടക്കം നാല് സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെയും തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് പ്രഖ്യാപിച്ചിരുന്നു. കേരളത്തിൽ ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മേയ് നാലിനായിരിക്കും. കേരളത്തിനൊപ്പം അസമും പുതുച്ചേരിയും ഏപ്രിൽ ഒമ്പതിന് പോളിംഗ് ബൂത്തിലെത്തും. ഏപ്രിൽ 23ന് തമിഴ്നാട്ടിൽ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. പശ്ചിമബംഗാളിൽ രണ്ട് ഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 23ന് ഒന്നാംഘട്ട തിരഞ്ഞെടുപ്പും ഏപ്രിൽ 29 ന് രണ്ടാംഘട്ട തിരഞ്ഞെടുപ്പും നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു,​

പതിവിന് വിരുദ്ധമായി രണ്ട് ഘട്ടങ്ങളിലായാണ് പശ്ചിമ ബംഗാളിൽ ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുന്നത്. 25 വർഷത്തിനിടെ ഇതാദ്യമായാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി ചുരുങ്ങുന്നത്. 2016ലും 2011ലും ആറുഘട്ടവും 2006ൽ അഞ്ചു ഘട്ടവും ആയിരുന്നു. എന്തു കൊണ്ട് തിരഞ്ഞെടുപ്പ് രണ്ട് ഘട്ടമായി നടത്തുന്നു എന്നതിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ വാർത്താ സമ്മേളനത്തിൽ മറുപടി നൽകിയിരുന്നു. കമ്മിഷൻ കൂടിയാലോചനകളും ചർച്ചകളും നടത്തിയെന്നും പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് സൗകര്യപ്രദമാക്കാനായാണ് രണ്ട് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചതെന്ന് ഗ്യാനേഷ് കുമാർ പറഞ്ഞു.