അരുളിമംഗലം ക്ഷേത്രത്തിൽ മോഷണം, മൂന്ന് ഉരുളി കവർന്നു

Monday 16 March 2026 1:12 AM IST

മൂവാറ്റുപുഴ: വാളകം മേക്കടമ്പ് കുന്നയ്ക്കാൽ അരുളിമംഗലം ശിവക്ഷേത്രത്തിലെ മൂന്ന് ഓട്ടുരുളികൾ കവർന്നു. ശനിയാഴ്ച പകലാണ് സംഭവം. വൈകിട്ട് മേൽശാന്തി മേടങ്ങാൽ മന ശ്രീജിത്ത് നമ്പൂതിരി പൂജയ്ക്കെത്തിയപ്പോഴാണ് മോഷണം നടന്നതായി മനസിലായത്. പായസം ഉണ്ടാക്കുന്ന ഉരുളിയടക്കം മൂന്ന് ഉരുളി നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തി. ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന താക്കോലെടുത്താണ് അകത്തുകയറി അലമാരയടക്കം തുറന്നത്. ഉരുളി ഒഴികെ മറ്റൊന്നും നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ല. മോഷണത്തിന് ശേഷം വാതിലുകൾ പൂട്ടി താക്കോൽ യഥാസ്ഥാനത്ത് വച്ചാണ് മോഷ്ടാവ് പോയത്. ഞായറാഴ്ച പരാതി നൽകിയതിനെ തുടർന്ന് മൂവാറ്റുപുഴ പൊലീസെത്തി പരിശോധന നടത്തി. അടുത്തുള്ള സിസി.ടി.വി പരിശോധിച്ചു വരികയാണ്. മേടങ്ങാൽമനയുടെ ഊരാൺ

മയിലുള്ളതാണ് ക്ഷേത്രം. കഴിഞ്ഞ മാസം ക്ഷേത്രത്തിലെ അയ്യപ്പ കോവിലിന് മുന്നിലെ ഭണ്ഡാരത്തിൽനിന്ന് പണം മോഷണം പോയിരുന്നു