ആചാരം തീർപ്പാക്കേണ്ടത് കോടതിയല്ലെന്ന് പന്തളം കൊട്ടാരത്തിന്റെ വാദം

Monday 16 March 2026 2:15 AM IST

ന്യൂഡൽഹി: ആചാരങ്ങളിൽ തീർപ്പു കൽപ്പിക്കാൻ കോടതിക്ക് അധികാരമില്ലെന്ന് പന്തളം കൊട്ടാരം സുപ്രീംകോടതിയെ അറിയിച്ചു. ആചാരങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണ്. ഭരണഘടനയിലെ സമത്വം തുടങ്ങിയ മൗലികാവകാശങ്ങൾ സാധാരണയായി മതസ്ഥാപനങ്ങൾക്ക് ബാധകമല്ല. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം ദേവതകൾക്കും മതസ്ഥാപനങ്ങൾക്കും ബാധകമാണെന്നും വ്യക്തമാക്കി. ശബരിമല യുവതീപ്രവേശനം അടക്കം വിഷയങ്ങളുമായി ബന്ധപ്പെട്ട ഏഴു സുപ്രധാന നിയമപ്രശ്‌നങ്ങളിലാണ് നിലപാട് അറിയിച്ചത്. ഏപ്രിൽ 7 മുതൽ 9 അംഗ ബെഞ്ച് വാദം കേൾക്കാനിരിക്കെയാണ് വാദമുഖങ്ങൾ സമ‌ർപ്പിച്ചത്.

 പ്രവേശനം വേണമെന്ന് ബിന്ദു അമ്മിണിയും കനക ദുർഗയും

ശബരിമലയിൽ പ്രായഭേദമില്ലാതെ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ബിന്ദു അമ്മിണിയും കനകദുർഗയും. മുതിർന്ന അഭിഭാഷക ഇന്ദിരാ ജയ്സിംഗ് മുഖേന വാദമുഖങ്ങൾ സമ‌ർപ്പിച്ചു. ലിംഗസമത്വം തുടങ്ങിയ മൗലികാവകാശങ്ങൾക്ക് മുകളിലല്ല മതസ്വാതന്ത്ര്യമെന്നും ചൂണ്ടിക്കാട്ടി.