'സൂം​ ചെ​യ്യു​ന്ന​ത് ​നി​റു​ത്തൂ' സപ്തമി​

Monday 16 March 2026 1:17 AM IST

സിനിമ താരങ്ങളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന പാപ്പരാസികൾക്കെതിരെ രൂക്ഷവിമർശനവുമായി 'കാന്താര' താരം സപ്തമി ഗൗഡ. മോശം രീതിയിൽ ക്യാമറ ആംഗിളുകൾ ഉപയോഗിച്ച് വീഡിയോകളും ഫോട്ടോകളും പകർത്തുന്ന പ്രവണതയ്‌ക്കെതിരെ സപ്തമി രൂക്ഷമായി പ്രതികരിച്ചു.

താൻ ഉൾപ്പെടെയുള്ള നടിമാരുടെ വീഡിയോകൾ മനപ്പൂർവം മോശം ആംഗിളുകളിൽ നിന്ന് ചിത്രീകരിച്ച് പ്രചരിപ്പിക്കുന്നത് ആവർത്തിക്കുന്നു. ഇത് ഒരു സ്ത്രീയുടെ അന്തസ്സിന്റെ പരസ്യമായി ലംഘനമാണെന്ന് സപ്തമി പറഞ്ഞു.

'ചില വ്യക്തികൾ ചെയ്യുന്ന ഇത്തരം പ്രവർത്തി അങ്ങേയറ്റം ആദരവില്ലാത്തതും അംഗീകരിക്കാൻ കഴിയാത്തതുമാണ്. കലയ്ക്കും സിനിമയ്ക്കും വേണ്ടിയാണ് ഞങ്ങൾ ഇവിടെ നിലകൊള്ളുന്നത്. മനപ്പൂർവമുള്ള ഇത്തരം സൂം ചെയ്തുള്ള മോശം ആംഗിളുകളെ ശക്തമായി അപലപിക്കുന്നു. ഇത് സാധാരണമായ ഒന്നായി കാണാനോ വെച്ചുപൊറുപ്പിക്കാനോ കഴിയാവുന്നതല്ല. പരിപാടികൾ റിപ്പോർട്ട് ചെയ്യാൻ എത്തുന്നവർ പ്രൊഫഷണലിസവും അടിസ്ഥാനപരമായ ബഹുമാനവും മര്യാദയും പാലിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,' സപ്തമി പറഞ്ഞു.

ഈ അതിർവരമ്പ് നിശ്ചയിക്കുന്നതിൽ ഒറ്റക്കെട്ടായി നിൽക്കണമെന്നും ഇത് അനുഭവിച്ചിട്ടുള്ള എല്ലാ സ്ത്രീകൾക്കും ഐക്യദാർഢ്യം അറിയിക്കുന്നുവെന്നും നടി കുറിച്ചു. ബഹുമാനം ആവശ്യപ്പെടുന്നതിൽ ഞങ്ങൾ പരസ്പരം പിന്തുണയ്ക്കുന്നത് തുടരുമെന്നും വ്യക്തമാക്കി. അഭിനേതാക്കൾ വസ്തുക്കളല്ല എന്ന ഹാഷ്ടാഗോടെയാണ് സപ്തമി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിപ്പ് പങ്കുവച്ചത്.