സി.പി.എം സ്ഥാനാർഥികൾ
എ.സി മൊയ്തീൻ (കുന്നംകുളം) കുന്നംകുളത്ത് തുടർച്ചയായി മൂന്നാം മത്സരം. 2016ൽ കുന്നംകുളത്തുനിന്ന് വിജയിച്ച് മന്ത്രിയായി. 2004ൽ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ മന്ത്രി കെ.മുരളീധരനെ പരാജയപ്പെടുത്തി സംസ്ഥാനതലത്തിൽ ശ്രദ്ധേയനായി. 2006 ൽ ഇവിടെനിന്ന് വീണ്ടും ജയം. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം. സി.പി.എം ജില്ലാ സെക്രട്ടറിയായി. എസ്.എഫ്.ഐയിലൂടെ പൊതുരംഗത്തെത്തി. ഡി.വൈ.എഫ്.ഐ വടക്കാഞ്ചേരി ബ്ലോക്ക് സെക്രട്ടറിയായി. തെക്കുംകര പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചു.
ഡോ. ആർ.ബിന്ദു (ഇരിങ്ങാലക്കുട) ഇരിങ്ങാലക്കുടയിൽ തുടർച്ചയായി രണ്ടാം മത്സരം. നിലവിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസമന്ത്രി. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയംഗവും. കേരളവർമ കോളേജ് പ്രിൻസിപ്പാളായിരുന്നു. തൃശൂർ കോർപറേഷന്റെ ആദ്യ വനിതാ മേയർ. കലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റ് അംഗമായി. എസ്.എഫ്.ഐയിലൂടെ പൊതുരംഗത്തെത്തി. ജില്ലാ കമ്മിറ്റിയംഗമായിരുന്നു. പൊളിറ്റ്ബ്യൂറോ അംഗം എ.വിജയരാഘവനാണ് ജീവിത പങ്കാളി.
സേവ്യർ ചിറ്റിലപ്പിള്ളി (വടക്കാഞ്ചേരി)
വടക്കാഞ്ചേരിയിൽ തുടർച്ചയായി രണ്ടാം മത്സരം. സി.പി.എം ജില്ല സെക്രട്ടേറിയറ്റംഗം. തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറിയും സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയുമാണ്. ജനറൽ വർക്കേഴ്‌സ് യൂണിയൻ ജില്ലാ പ്രസിഡന്റാണ്. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. അത്താണി സിൽക്ക് ഡയറക്ടർ ബോർഡ് അംഗമായി പ്രവർത്തിച്ചു. അത്താണി സിൽക്ക് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) പ്രസിഡന്റാണ്.
കെ.കെ. രാമചന്ദ്രൻ (പുതുക്കാട്)
പുതുക്കാട്ടുനിന്ന് തുടർച്ചയായി രണ്ടാം മത്സരം. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗവും സി.ഐ.ടി.യു ജില്ലാ പ്രസിഡന്റുമാണ്. നിലവിൽ കേരള അൺ എയ്ഡഡ് സ്‌കൂൾ ടീച്ചേഴ്‌സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ്, ഹെഡ്‌ലോഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ പ്രസിഡന്റ്. എസ്.എഫ്.ഐയിലൂടെ പൊതുരംഗത്തെത്തി. ജില്ലാ വൈസ്പ്രസിഡന്റായിരുന്നു. ഡി.വൈ.എഫ്.ഐ ജില്ലാ ട്രഷററും സംസ്ഥാന കമ്മിറ്റി അംഗവുമായി പ്രവർത്തിച്ചു.
എൻ.കെ. അക്ബർ (ഗുരുവായൂർ) ഗുരുവായൂരിൽനിന്ന് തുടർച്ചയായ രണ്ടാം മത്സരം. സി.പി.എം ചാവക്കാട് ഏരിയാ കമ്മിറ്റിയംഗമാണ്. ഗ്യാസ് ഏജൻസി തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറിയാണ്. സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയാണ്. ഏരിയ സെക്രട്ടറിയായിരുന്നു. ചാവക്കാട് നഗരസഭാ ചെയർമാനായിരുന്നു. ഡി.വൈ.എഫ്.ഐയിലൂടെ പൊതുപ്രവർത്തനരംഗത്തേക്ക്. ഡി.വൈ.എഫ്.െഎ ചാവക്കാട് ബ്ലോക്ക് സെക്രട്ടറിയായി.
യു.ആർ. പ്രദീപ് (ചേലക്കര) ചേലക്കരയിൽ മൂന്നാമത്തെ പോരാട്ടം. 2016 മുതൽ 21 വരെ അഞ്ചുവർഷം ചേലക്കര എം.എൽ.എ. 2021ൽ വിജയച്ച രാധാകൃഷ്ണൻ ലോക്‌സഭാംഗമായതിനെത്തുടർന്ന് 2024ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വീണ്ടും ചേലക്കരയിൽനിന്ന് നിയമസഭയിലെത്തി. സി.പി.എം ജില്ലാകമ്മിറ്റിയംഗമാണ്. 2022 -2024 സംസ്ഥാന പട്ടികജാതി വർഗ വികസന കോർപറേഷൻ ചെയർമാനായി. 2000-2005 കാലയളവിൽ ദേശമംഗലം പഞ്ചായത്ത് പ്രസിഡന്റായിരുന്നു.
പ്രൊഫ. സി രവീന്ദ്രനാഥ് (മണലൂർ) ഇടവേളയ്ക്കുശേഷം വീണ്ടും തെരഞ്ഞെടുപ്പ് പോരാട്ടത്തിന്. 2016ൽ പിണറായി വിജയൻ മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രി. 2006 ൽ കൊടകരയിൽനിന്ന് ആദ്യജയം. 2011, 2016 വർഷങ്ങളിൽ പുതുക്കാട്ടുനിന്ന് വിജയം. തൃശൂർ സെന്റ് തോമസ് കോളേജ് റിട്ട. രസതന്ത്രം അദ്ധ്യാപകനായിരുന്നു. നിലവിൽ സി.പി.എം ജില്ലാകമ്മിറ്റിയംഗം. 1996ൽ ജനകീയാസൂത്രണപ്രസ്ഥാനം ആരംഭിച്ചപ്പോൾ ജില്ലാ കൺവീനറായും ജില്ലാ ആസൂത്രണ സമിതി വൈസ് ചെയർമാനായും പ്രവർത്തിച്ചു. സംസ്ഥാന പ്ലാനിംഗ് ബോർഡിന്റെ കൺസൾട്ടന്റുമായി. കിലയുടെ സ്ഥിരം ഫാക്കൽറ്റിയാണ്.
സി.പി.ഐ
ഒല്ലൂർ കെ.രാജൻ സി.പി.ഐ ദേശീയ കൗൺസിൽ അംഗം. റവന്യൂഭവന നിർമ്മാണ വകുപ്പ് മന്ത്രി. നിയമസഭാ ചീഫ് വിപ്പായിരുന്നു. ബാലവേദി, വിദ്യാർത്ഥി പ്രസ്ഥാനങ്ങളിലൂടെ പാർട്ടിയിലേക്ക്. എ.ഐ.എസ്.എഫിന്റെ സംസ്ഥാന സെക്രട്ടറി മുതൽ ദേശീയ സെക്രട്ടറി പദവി വരെ വഹിച്ചു. സംസ്ഥാന യുവജന കമ്മിഷൻ അംഗമായി. 2016 മുതൽ ഒല്ലൂരിൽ നിന്ന് വിജയിക്കുന്നു. കേരള വർമ്മ കോളജിൽ നിന്ന് ബിരുദം, തിരുവനന്തപുരം ലാ അക്കാഡമി ലാ കോളജിൽ നിന്ന് നിയമബിരുദം. അന്തിക്കാട് പി.കൃഷ്ണൻകുട്ടി മേനോന്റെയും കെ.രമണിയുടെയും മകൻ. കൊച്ചിൻ ദേവസ്വം ബോർഡ് ജീവനക്കാരി എൻ.അനുപമ ഭാര്യ.
തൃശൂർ ആലങ്കോട് ലീലാകൃഷ്ണൻ കവി, എഴുത്തുകാരൻ, പ്രഭാഷകൻ. യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ്. 1960 ഫെബ്രുവരി ഒന്നിന് വെങ്ങേത്ത് ബാലകൃഷ്ണൻ നമ്പ്യാരുടെയും മണപ്പാടി ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായി പൊന്നാനി ആലങ്കോട് ഗ്രാമത്തിൽ ജനനം. എം.ഇ.എസ് പൊന്നാനി കോളജിൽ നിന്ന് ബികോം ബിരുദം നേടി. കേരള ഗ്രാമീൺ ബാങ്കിൽ ഉദ്യോഗസ്ഥൻ. കഥാപ്രാസംഗികനായി വേദിയിൽ. ഗവ. ഹയർസെക്കൻഡറി സ്കൂൽ പ്രിൻസിപ്പാളായ കെ.ബീനയാണ് ഭാര്യ. മക്കൾ :കവിത, വിനയ കൃഷ്ണൻ. മരുമകൻ : ശ്രീദേവ്.
കൊടുങ്ങല്ലൂർ വി.ആർ.സുനിൽകുമാർ മുൻമന്ത്രി വി.കെ.രാജന്റെയും സതീ ടീച്ചറുടെയും മകൻ. 2016 മുതൽ കൊടുങ്ങല്ലൂരിനെ പ്രതിനിധീകരിക്കുന്നു. പി.വെമ്പല്ലൂരിലെ എം.ഇ.എസ് അസ്മാബി കോളജിൽ നിന്ന് ബിരുദം. തൃശൂർ കേരള വർമ്മ കോളേജിൽ നിന്ന് ബിരുദാനന്തര ബിരുദം. തുടർന്ന് തിരുവനന്തപുരം ലാ അക്കാഡമിയിൽ നിന്ന് നിയമ ബിരുദം. എ.ഐ.എസ്.എഫിലൂടെ പൊതുപ്രവർത്തനത്തിന് തുടക്കം. പിന്നീട് എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി, സി.പി.ഐ കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറി, ജില്ലാ കൗൺസിൽ അംഗം എന്നിങ്ങനെ പ്രവർത്തിച്ചു. ഭാര്യ: ശ്രീഭ. മക്കൾ: സൽവദോർ, സാൽവിയോർ.
കയ്പമംഗലം കെ.കെ.വത്സരാജ് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ ബിരുദ പഠനം പൂർത്തിയാക്കിയ വത്സരാജ് എ.ഐ.വൈ.എഫ് ജില്ലാ നേതൃത്വത്തിൽ നിന്ന് പാർട്ടി നേതൃത്വത്തിലേക്കെത്തി. സി.പി.ഐ ഗുരുവായൂർ മണ്ഡലം സെക്രട്ടറി, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി, ജില്ലാ സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചു. 1999 മുതൽ പാർട്ടി സംസ്ഥാന കൗൺസിൽ അംഗം. നിലവിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം. ചാവക്കാട് ഫർക്ക ചെത്തു തൊഴിലാളി യൂണിയൻ, മദ്യ വ്യവസായ തൊഴിലാളി യൂണിയൻ, ജില്ലാ പ്രൈവറ്റ് മോട്ടോർ തൊഴിലാളി യൂണിയൻ, ഗുരുവായൂർ ദേവസ്വം എംപ്ലോയീസ് ഫെഡറേഷൻ, കൃഷ്ണനാട്ടം എംപ്ലോയീസ് അസോസിയേഷൻ, ഗുരുവായൂർ ദേവസ്വം കീഴ്ശാന്തി യൂണിയൻ എന്നിവയുടെ ഭാരവാഹിയായി. ഭാര്യ: രജനി. മക്കൾ: അതുൽ, അനൂപ്. മരുമകൾ: ലക്ഷ്മി.
നാട്ടിക ഗീതാ ഗോപി ഗുരുവായൂർ നഗരസഭാ അദ്ധ്യക്ഷ. രണ്ടു തവണ നാട്ടിക എം.എൽ.എ. ഒരിടവേളയ്ക്ക് ശേഷം മൂന്നാമതും മത്സരത്തിന്. 1973ൽ പുന്നയൂർക്കുളത്ത് ചെറാട്ടി അയ്യപ്പന്റെയും അമ്മുക്കുട്ടി അമ്മയുടെയും മകളായി ജനിച്ചു. പുന്നയൂർക്കുളം കടിക്കാട് യു.പി സ്‌കൂൾ, വന്നേരി ഹൈസ്കൂൾ, ഗുരുവായൂർ ലിറ്റിൽ ഫ്ളവർ കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം പൂർത്തിയാക്കി. പതിനാറ് വർഷത്തോളം നഗരസഭാ കൗൺസിലറായി. രണ്ട് തവണ ചെയർപേഴ്സൺ. സംസ്ഥാന ഹൗസിംഗ് ബോർഡ് അംഗം. നിലവിൽ സി.പി.ഐ ജില്ലാ കൗൺസിൽ അംഗം, അഖിലേന്ത്യ കിസാൻ സഭ വനിത കർഷക സമിതി ജില്ലാ സെക്രട്ടറി, എ.ഐ.കെ.എസ് ജില്ലാ കമ്മിറ്റി അംഗം, എ.ഐ.ഡി.ആർ.എം സംസ്ഥാന കമ്മിറ്റി അംഗം. എം.എൽ.എ ആയിരിക്കെ നിയമസഭാ മാർച്ചിൽ പങ്കെടുത്തതിനിടെ അറസ്റ്റിലായി ഒരു ദിവസം ജയിൽവാസം അനുഭവിച്ചു.