ചുവരെഴുതി മുന്നണികൾ; ഇനി തിരഞ്ഞെടുപ്പ് ചൂടിലേക്ക്
തൃശൂർ: തിരഞ്ഞെടുപ്പിന് 25 ദിവസം മാത്രം ബാക്കിനിൽക്കെ, രാഷ്ട്രീയ മുന്നണികൾക്ക് ഇനി പരീക്ഷണക്കാലം. തൃശൂരിൽ മൂന്ന് മുന്നണികളും തയ്യാറെടുപ്പ് പൂർത്തിയാക്കിയെന്നാണ് രാഷ്ട്രീയ പാർട്ടി നേതാക്കൾ പറയുന്നത്. മതിലുകൾ ബുക്ക് ചെയ്തും പ്രചാരണ തന്ത്രങ്ങൾ മെനഞ്ഞും പോരാട്ടം കടുപ്പിക്കാനാണ് പാർട്ടികളുടെ നീക്കം. നിലവിലെ എം.എൽ.എമാർ സ്ഥാനാർത്ഥികളാകുമെന്ന് പ്രഖ്യാപിച്ചതോടെ എൽ.ഡി.എഫ് ചിത്രം ഏറെക്കുറെ വ്യക്തമായി. കേരള കോൺഗ്രസ് എം മത്സരിക്കുന്ന ചാലക്കുടിയിൽ മാത്രമാണ് പ്രഖ്യാപനം ബാക്കിയുള്ളത്. തൃശൂർ, മണലൂർ, നാട്ടിക, കയ്പമംഗലം മണ്ഡലങ്ങളിലെ എം.എൽ.എമാർ മത്സരിക്കുന്നില്ലെങ്കിലും സ്ഥാനാർത്ഥിയാരാകണമെന്ന കാര്യത്തിൽ എൽ.ഡി.എഫ് നേരത്തെ ധാരണയിലെത്തിയിരുന്നു. ഇതേസമയം, ചാലക്കുടിയിൽ മാത്രമാണ് യു.ഡി.എഫിൽ തീരുമാനമായത്. നിലവിലെ എം.എൽ.എ സനീഷ് കുമാർ ജോസഫ് തന്നെയായിരിക്കും സ്ഥാനാർത്ഥി. മണലൂരിൽ പ്രഖ്യാപിച്ചില്ലെങ്കിലും ടി.എൻ. പ്രതാപൻ പ്രചാരണം തുടങ്ങിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ചിഹ്നങ്ങൾ ഒട്ടിക്കുന്ന പ്രവൃത്തികൾ പൂർത്തിയാക്കി. സ്ഥാനാർത്ഥികൾ എത്തിയാൽ ശക്തമായ പ്രചാരണത്തിലേക്ക് കടക്കും. സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കും. ബൂത്ത് തലം വരെയുള്ള പ്രവർത്തകർ ഒരുങ്ങിക്കഴിഞ്ഞു.
അഡ്വ. ജോസഫ് ടാജറ്റ്, ഡി.സി.സി പ്രസിഡന്റ്
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മിനുറ്റുകൾക്കകം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. മണിക്കൂറുകൾക്കകം സംസ്ഥാനത്ത് റോഡ് ഷോ നടത്തി. തിരഞ്ഞെടുപ്പിന് എൽ.ഡി.എഫ് തയ്യാറാണ്. മൂന്നാമതും എൽ.ഡി.എഫ് സർക്കാർ വരുമെന്ന ആത്മവിശ്വാസത്തിലാണ് ഞങ്ങൾ.
കെ.വി. അബ്ദുൾ ഖാദർ, സി.പി.എം ജില്ലാ സെക്രട്ടറി
ഒരു മാറ്റത്തിന് വേണ്ടി വോട്ടെന്ന മുദ്രാവാക്യത്തോടെ തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം എൻ.ഡി.എ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞാൽ ഉടൻ പ്രചാരണരംഗത്തേക്ക് ഇറങ്ങും.
ജസ്റ്റിൻ ജേക്കബ്, സിറ്റി ജില്ലാ പ്രസിഡന്റ്, ബി.ജെ.പി