ഇടത് സ്ഥാനാർത്ഥികൾ

Monday 16 March 2026 12:52 AM IST

ദലീമ ജോജോ (അരൂർ) രണ്ടാമങ്കം. ചലച്ചിത്ര പിന്നണി ഗായിക, നാടക ഗായിക എന്നീ നിലകളിൽ ശ്രദ്ധേയ. ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ അംഗം, വൈസ്‌ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചു. ചേർത്തല സെന്റ്‌ മൈക്കിൾസ്‌ കോളേജിലെ പഠനത്തിന്‌ ശേഷം മദ്രാസിൽനിന്ന്‌ ഗാനഭൂഷണം പാസായി. ഞാറയ്‌ക്കൽ ടാലന്റ്‌ മ്യൂസിക്‌ സ്‌കൂളിൽ അദ്ധ്യാപികയായിരുന്നു.

പി.പി ചിത്തരഞ്‌ജൻ (ആലപ്പുഴ) രണ്ടാമങ്കം. സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി, മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറി. മത്സ്യഫെഡ്‌ ചെയർമാൻ, ആലപ്പുഴ നഗരസഭാ അദ്ധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചു. യുവജനപ്രസ്ഥാനത്തിലൂടെ രാഷ്‌ട്രീയത്തിൽ എത്തി.

എച്ച്‌.സലാം (അമ്പലപ്പുഴ) രണ്ടാമങ്കം. സി.പി.എം ജില്ലാ സെക്രട്ടറിയറ്റ്‌ അംഗവും സി.ഐ.ടി.യു ജില്ലാ പ്രസിഡന്റും. എസ്‌.എഫ്‌.ഐ ജില്ലാ ജോ. സെക്രട്ടറി. ഡി.വൈ.എഫ്ഐ ജില്ലാ പ്രസിഡന്റ്, അമ്പലപ്പുഴ വടക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിച്ചു. ജീവകാരുണ്യസംഘടനയായ ചേതനയുടെ സെക്രട്ടറി.

യു.പ്രതിഭ (കായംകുളം) മൂന്നാമങ്കം. സി.പി.എം ജില്ലാ കമ്മിറ്റിയംഗമാണ്‌. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌, തകഴി പഞ്ചായത്ത്‌ പ്രസിഡന്റ്‌, കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

സജി ചെറിയാൻ (ചെങ്ങന്നൂർ) മൂന്നാമങ്കം. രണ്ടാം പിണറായി മന്ത്രിസഭയിൽ മന്ത്രി. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ അംഗം. ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്നു. ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി അദ്ധ്യക്ഷൻ, ചെങ്ങന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എന്നീ നിലകളിലും പ്രവർത്തിച്ചു. കരുണ പെയിൻ ആൻഡ്‌ പാലിയേറ്റീവ്‌ സൊസൈറ്റി ചെയർമാൻ.

എം.എസ്‌.അരുൺകുമാർ (മാവേലിക്കര) രണ്ടാമങ്കം. സി.പി.എം ജില്ലാ കമ്മിറ്റിയംഗം. കേരള സർവകലാശാല സെനറ്റ്‌ അംഗവും ഡി.വൈ.എഫ്‌.ഐ സംസ്ഥാന കമ്മിറ്റിയംഗവുമാണ്‌. ഫിഷറീസ്‌ സർവകലാശാല സെനറ്റ്‌ അംഗമായിരുന്നു. എസ്‌.എഫ്‌.ഐ ജില്ലാ ജോ. സെക്രട്ടറി, പ്രസിഡന്റ്‌ എന്നീ നിലകളിലും പ്രവർത്തിച്ചു.

പി.പ്രസാദ്‌ (ചേർത്തല) രണ്ടാമങ്കം. രണ്ടാം പിണറായി മന്ത്രിസഭയിൽ മന്ത്രി. സി.പി.ഐ ദേശീയ ക‍ൗൺസിൽ അംഗമാണ്‌. എ.ഐ.എസ്‌.എഫ്‌ സംസ്ഥാന പ്രസിഡന്റ്‌, എ.ഐ.വൈ.എഫ്‌ സംസ്ഥാന എക്‌സിക്യൂട്ടീവ്‌ അംഗം, സി.പി.ഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു.

ടി.ടി.ജിസ്‌മോൻ (ഹരിപ്പാട്‌) നിയമസഭയിൽ കന്നിയങ്കം. സി.പി.ഐ ദേശീയ ക‍ൗൺസിൽ അംഗം, എ.ഐ.വൈ.എഫ്‌ സംസ്ഥാന സെക്രട്ടറി , സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. എ.ഐ.എസ്‌.എഫ്‌ സംസ്ഥാന സെക്രട്ടറിയും ദേശീയ സെക്രട്ടറിയുമായിരുന്നു.

തോമസ്‌ കെ.തോമസ്‌ (കുട്ടനാട്‌) രണ്ടാമങ്കം. എൻ.സി.പി സംസ്ഥാന പ്രസിഡന്റും ദേശീയ പ്രവർത്തക സമിതി അംഗവും പാർലമെന്ററി പാർട്ടി നേതാവുമാണ്‌. കുവൈത്ത്‌ കേരള സ്‌പോർട്‌സ്‌ ക്ലബ്‌ പ്രസിഡന്റ്‌, പ്രവാസി പരാതി പരിഹാരസമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. മുൻമന്ത്രി തോമസ്‌ ചാണ്ടിയുടെ സഹോദരൻ.