ബൂത്തിലേക്ക് 17.4 കോടി വോട്ടർമാർ

Monday 16 March 2026 1:26 AM IST

ന്യൂഡൽഹി: കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, അസാം, പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പിൽ ബൂത്തിലേക്ക് പോകുന്നത് 17.4 കോടി വോട്ടർമാർ. ഓരോ പോളിംഗ് സ്റ്റേഷനിലും പരമാവധി 1200 വോട്ട‌ർരായി നിജപ്പെടുത്തും. എല്ലാ ബൂത്തിലും വെബ്കാസ്റ്റിംഗുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ അറിയിച്ചു.

കമ്മിഷന്റെ മുഴുവൻ വോട്ടർ സേവനങ്ങളും ലഭ്യമാകുന്ന വൺ സ്റ്റോപ്പ് ഡിജിറ്റൽ പോർട്ടലായ ഇ.സി.ഐ നെറ്റും അതിന്റെ ആപ്പും തയ്യാറായിട്ടുണ്ട്. ഇ.സി.ഐ നെറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമിലേക്ക് ഓരോ രണ്ട് മണിക്കൂർ കൂടുമ്പോഴും വോട്ടുശതമാനം പ്രിസൈഡിംഗ് ഓഫീസർ അപ്‌ലോഡ് ചെയ്യും. വോട്ടെടുപ്പ് സമയം കഴിഞ്ഞയുടൻ, പോളിംഗ് സ്റ്റേഷൻ വിടും മുൻപ് മുഴുവൻ കണക്കും അപ്‌ലോഡ് ചെയ്യും. 2025 മേയിൽ നിലമ്പൂരിലെ അടക്കം നടന്ന ഉപതിരഞ്ഞെടുപ്പിൽ ഈപരിഷ‌്‌കാരം നടപ്പാക്കിയിരുന്നു. പോസ്റ്റൽ ബാലറ്റ് എണ്ണിയ ശേഷമേ ഇ.വി.എമ്മിലെ അവസാന റൗണ്ട് എണ്ണുകയുള്ളൂ. ഇ.വി.എം ഡേറ്റയിൽ തർക്കമുണ്ടായാൽ വിവിപാറ്റ് എണ്ണും.

 ആകെ വോട്ടർമാർ - 17.4 കോടി

 നിയമസഭാ മണ്ഡലങ്ങൾ - 824

 പോളിംഗ് സ്റ്റേഷനുകൾ - 2.19 ലക്ഷം

25 ലക്ഷം ഉദ്യോഗസ്ഥർ

 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ-15 ലക്ഷം

 സുരക്ഷാ ഉദ്യോഗസ്ഥർ-8.5 ലക്ഷം

 മൈക്രോ ഒബ്സ‌ർവേഴ്സ്-49,000

 ഒബ്സർവേഴ്സ്-1,444

 കൗണ്ടിംഗ് ഉദ്യോഗസ്ഥർ-40,000

 സെക്‌ടർ ഓഫീസേഴ്സ്-21,000

 കൗണ്ടിംഗ് ജോലിക്കുള്ള മൈക്രോ ഒബ്സർവേഴ്സ്-15,000