പുതുച്ചേരിയിൽ സീറ്റ് ധാരണ എൻ.ഡി.എ ഒരു ചുവട് മുന്നിൽ

Monday 16 March 2026 1:32 AM IST

പുതുച്ചേരി: പുതുച്ചേരിയിൽ ചരിത്രത്തിലാദ്യമായി എൻ.ഡി.എ ഭരണം നേടിയ തിരഞ്ഞെടുപ്പായിരുന്നു 2021ലേത്. 30 സീറ്റുകളിൽ 16ഉം നേടി. ഇത്തവണ അത് നിലനിറുത്തുമോ,'ഇന്ത്യ" മുന്നണി അധികാരം പിടിക്കുമോയെന്നത് പ്രവചനാതീതം. എൻ.ഡി.എ പാർട്ടികളുടെ സീറ്റ് വിഭജനം വെള്ളിയാഴ്ച പൂർത്തിയായി. 'ഇന്ത്യ" മുന്നണിയാകട്ടെ ശനിയാഴ്ച ചർച്ച തുടങ്ങിയെങ്കിലും സീറ്റ് വിഭജനം ഇന്നേ പൂർത്തിയാക്കൂ.

കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യയും പുതുച്ചേരിയുടെ ചുമതലയുള്ള ബി.ജെ.പി നേതാവ് നിർമ്മൽ കുമാർ സുരാനയും ആൾ ഇന്ത്യാ എൻ.ആർ കോൺഗ്രസ് സ്ഥാപകനും മുഖ്യമന്ത്രിയുമായ എൻ. രംഗസ്വാമിയുമായി നടത്തിയ ചർച്ചയിലാണ് സീറ്റുധാരണയായത്. 2021ൽ മത്സരിച്ചതുപോലെ എൻ.ആർ. കോൺഗ്രസ് 16 സീറ്റുകളിലും ബി.ജെ.പി 14 സീറ്രുകളിലും മത്സരിക്കും. അണ്ണാ ഡി.എം.കെയ്ക്കും മുന്നണിയിലേക്ക് പുതുതായിയെത്തിയ 'ലച്ചിയ ജനനായക കക്ഷിക്കും (എൽ.ജെ.കെ) ബി.ജെ.പി സീറ്രുകൾ നൽകും.

'ഇന്ത്യ" മുന്നണിയിൽ കോൺഗ്രസ്,ഡി.എം.കെ ചർച്ചയാണ് ശനിയാഴ്ച നടന്നത്. പി.സി.സി പ്രസിഡന്റ് വി. വൈത്തിലിംഗവും ഡി.എം.കെ കോ-ഓർഡിനേറ്റർ എസ്. ജഗത്രക്ഷനും നേതൃത്വം നൽകിയ ചർച്ചയിൽ കോൺഗ്രസ് 16ൽ കൂടുതൽ സീറ്റ് ആവശ്യപ്പെട്ടു. കഴിഞ്ഞ തവണത്തെ സീറ്റ് നില തുടരാമെന്ന് ഡി.എം.കെയും പറഞ്ഞു. 2021ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 14 സീറ്രിലും ഡി.എം.കെ 13ലുമാണ് മത്സരിച്ചത്. ഓരോ സീറ്റ് സി.പി.ഐക്കും വി.സി.കെക്കും നൽകി. യാനം മണ്ഡലത്തിൽ സഖ്യം ഒരു സ്ഥാനാർത്ഥിയെയും നിറുത്തിയില്ല.

ഇത്തവണ പുതുച്ചേരിയിൽ വിജയ്‌യുടെ ടി.വി.കെ മത്സരരംഗത്തുണ്ടാവുന്നത് രണ്ടു മുന്നണിയുടെയും വോട്ട് ചോരാനും സാദ്ധ്യതയുണ്ട്.

 ബി.ജെ.പി അക്കൗണ്ട് തുറന്ന തിര‌ഞ്ഞെടുപ്പ് കഴിഞ്ഞ തവണ ആദ്യമായിട്ടാണ് പുതുച്ചേരിയിൽ ബി.ജെ.പി അക്കൗണ്ട് തുറന്നത്. എൻ.ആർ. കോൺഗ്രസ് 10 സീറ്റുകളും ബി.ജെ.പി ആറ് സീറ്റുകളും നേടിയിരുന്നു. കോൺഗ്രസിൽ നിന്ന് മുൻ മന്ത്രിമാരുൾപ്പെടെ ബി.ജെ.പിയിലേക്ക് മാറിയതോടെയാണ് ബി.ജെ.പിക്ക് നേട്ടമുണ്ടായത്. മാഹി ഉൾപ്പെടെ രണ്ടു സീറ്റുകളിലാണ് കോൺഗ്രസിന്റെ നേട്ടം. ഡി.എം.കെയ്ക്ക് 6 സീറ്റുകൾ ലഭിച്ചു. ആറ് സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളാണ് വിജയിച്ചത്. അണ്ണാ ഡി.എം.കെയ്ക്ക് സീറ്രുകളൊന്നും ലഭിച്ചില്ല.