എസ്.ആർ.വി വളവിൽ അപകടം പതിയിരിക്കുന്നു ജീവിതയാത്ര ഇവിടെ അവസാനിക്കരുത്!

Monday 16 March 2026 4:09 AM IST
ചിറക്കടവ് എസ്.ആർ.വി.വളവിൽ ഹൈവേയിലേക്ക് മറ്റൊരു റോഡ് ചേരുന്ന ഭാഗം. ഇവിടെയാണ് അപകടസാധ്യത.

പൊൻകുന്നം: ഒരു അശ്രദ്ധ മതി ഇവിടെ ജീവൻ പൊലിയാൻ. യാതൊരു സുരക്ഷയുമില്ല. ഏത് നിമിഷവും അപകടം പ്രതീക്ഷിക്കാം.

പക്ഷേ ചിറക്കടവ് എസ്.ആർ.വി വളവിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ അധികൃതർ ഇപ്പോഴും തയ്യാറല്ല. സംസ്ഥാനപാതയായ പുനലൂർ-പൊൻകുന്നം റോഡിലെ ചിറക്കടവ് എസ്.ആർ.വി വളവിൽ കഴിഞ്ഞ ദിവസം സ്വകാര്യബസും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായി. മുൻപും നിരവധി വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഇപ്പോൾ കാഞ്ഞിരപ്പള്ളി-മണിമല റൂട്ടിലെ നവീകരണപ്രവർത്തനം മൂലം ബസുകൾ പോകുന്നത് വളവിൽ വന്നുചേരുന്ന മൂങ്ങത്ര റോഡിലൂടെയാണ്. ഈ റോഡിലേക്ക് ബസ് തിരിഞ്ഞുകയറാൻ ശ്രമിക്കുമ്പോഴാണ് കഴിഞ്ഞദിവസം കാറുമായി കൂട്ടിയിടിച്ചത്. ഹൈവേയിൽ അമിതവേഗത്തിലെത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ഇവിടെ മറ്റൊരു റോഡ് വന്നുചേരുന്നത് തിരിച്ചറിയാൻ ഒരു ബോർഡ് പോലും സ്ഥാപിച്ചിട്ടില്ല. ഇതുതന്നെയാണ് എസ്.ആർ.വി വളവിന് അപകടമേഖലയാക്കുന്നത്.

കെണി അറിയാതെ മരണപ്പാച്ചിൽ

വളവിലെ കെണി അറിയാതെ ഇരുവശത്തേക്കും വാഹനങ്ങളുടെ മരണപ്പാച്ചിലാണ്. സംസ്ഥാനപാതയായി നവീകരിച്ചപ്പോൾ വളവ് ഒഴിവാക്കാൻ പാകത്തിന് സ്ഥലമെടുപ്പ് പൂർത്തിയാക്കിയില്ല. നിലവിലെ വളവിൽ മുന്നൊരുക്കനടപടി സ്വീകരിച്ചില്ലെങ്കിൽ അപകടങ്ങൾ തുടരുമെന്നുറപ്പ്. രാത്രി വെളിച്ചക്കുറവുമൂലം വളവിന്റെ കാഠിന്യം ഡ്രൈവർമാർ തിരിച്ചറിയാത്തതും പ്രശ്നമാണ്.

ഇനി വേണ്ടത്

1വളവിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം

2മറ്റ് സുരക്ഷാനടപടികൾ ഉടൻ സ്വീകരിക്കണം