ഓസ്‌കാർ അവാർഡ് നിശയിൽ നേട്ടം കൊയ്‌ത് വൺ ബാറ്റിൽ ആഫ്‌റ്റർ അനദറും ഫ്രാങ്കെയ്‌സ്റ്റിനും, മികച്ച സഹനടനായി ഷോൺ പെൻ

Monday 16 March 2026 7:04 AM IST

ലോസാഞ്ചലസ്: 98-ാമത് എഡിഷൻ ഓസ്‌കാർ അവാർഡ് നിശയ്‌ക്ക് ഹോളിവുഡിലെ പ്രശസ്‌തമായ ഡോൾബി തിയേറ്ററിൽ വർണാഭമായ തുടക്കം. കൊമേഡിയൻ കൊനൊൻ ഒബ്രയാൻ നയിച്ച നിശയിൽ മൂന്ന് പുരസ്‌കാരങ്ങൾ നേടി ചിത്രങ്ങൾ 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ', ഫ്രാങ്കെയ്‌സ്റ്റിൻ എന്നിവ മുന്നിലുണ്ട്. മികച്ച സഹനടനുള്ള പുരസ്‌കാരം വൺ ബാറ്റിൽ ആഫ്റ്റർ അനദറിലെ അഭിനയത്തിന് ഷോൺ പെൻ നേടി. എന്നാൽ അദ്ദേഹം പുരസ്‌കാരം വാങ്ങാനെത്തിയില്ല. ഗോൾഡൻ ഗ്ളോബ് പുരസ്‌കാരത്തിൽ നിന്നും താരം വിട്ടുനിന്നിരുന്നു.

വെപ്പൺസിലെ അഭിനയത്തിന് എയ്‌മി മാഡിഗൻ മികച്ച സഹനടിയായി. കോസ്റ്റ്യൂം, മേക്കപ്പ് എന്നിങ്ങനെ രണ്ടെണ്ണത്തിനാണ് ഫ്രാങ്കെയ്‌സ്‌റ്റിന് പുരസ്‌കാരം ലഭിച്ചത്. മികച്ച അവലംബിത തിരക്കഥയ്‌ക്ക് പോൾ തോമസ് ആൻഡേഴ്‌സണും മികച്ച കാസ്റ്റിംഗിന് കസാന്ദ്ര കുലുകുന്ദിസും വഴി വൺ ബാറ്റിൽ ആഫ്റ്റർ അനദറിന് പുരസ്‌കാരങ്ങൾ ലഭിച്ചു.

മികച്ച ചിത്രത്തിനുള്ള മത്സരത്തിൽ സിന്നേഴ്‌സും വൺ ബാറ്റിൽ ആഫ്‌റ്റർ അനദറും ആണ്‌ ശ്രദ്ധേയമാകുന്നത്. റയാൻ കൂഗ്‌ളർ സംവിധാനം ചെയ്‌ത സിന്നേഴ്‌സ് ഓസ്‌കാർ ചരിത്രത്തിലെ ഏറ്റവുമധികം നോമിനേഷനുകൾ ലഭിക്കുന്ന ചിത്രമായി. 16 നോമിനേഷനുകളാണ് ചിത്രത്തിന് ലഭിച്ചത്. ഇതിനുമുൻപ് 14 വീതം നോമിനേഷനുകൾ ലഭിച്ച ഓൾ എബൗട്ട് ഈവ് (1950), ടൈറ്റാനിക് (1997), ലാ ലാ ലാൻഡ് (2016) എന്നിവയുടെ റെക്കാഡ് ആണ് തിരുത്തപ്പെട്ടത്.