കട്ടക്കിൽ സർക്കാർ മെഡിക്കൽ കോളേജ് ഐസിയുവിൽ വൻ‌തീപിടിത്തം, 10 രോഗികൾ മരിച്ചു, 11 പേർക്ക് പരിക്ക്

Monday 16 March 2026 8:28 AM IST

കട്ടക്ക്: ഒഡീഷയിൽ സർക്കാർ മെഡിക്കൽ കോളേജിലെ ഐസിയുവിലുണ്ടായ വൻ തീപിടിത്തത്തിൽ 10 മരണം. കട്ടക്കിലെ എസ്‌സി‌ബി മെഡിക്കൽ കോളേജിൽ തിങ്കളാഴ്‌ച പുലർച്ചെ മൂന്നുമണിയോടടുപ്പിച്ചായിരുന്നു സംഭവം. 11 ജീവനക്കാർക്കും സാരമായി പൊള്ളലേറ്റിട്ടുണ്ട്. രോഗികളെ രക്ഷിക്കുന്നതിനിടെയാണ് ഇവർക്ക് തീപ്പൊള്ളലേറ്റത്.

ട്രോമാ കെയർ വിഭാഗത്തിലെ ഐസിയുവിൽ അതീവ ഗുരുതരാവസ്ഥയിലായ രോഗികളെ പാർപ്പിച്ചിരുന്നയിടത്താണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാ സേനാംഗങ്ങൾ വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ഐസിയുവിലെ എയർ കണ്ടീഷനിംഗ് സംവിധാനത്തിൽ ഷോർട്ട് സർക്യൂട്ട് വന്നതാണ് വൻ തീപിടിത്തത്തിലേക്ക് നയിച്ചത്. സംഭവത്തിൽ 10 പേർ മരിച്ചതായി ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി അറിയിച്ചു. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി മുകേഷ് മഹാലിംഗിനൊപ്പം ആശുപത്രി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. ചികിത്സയിലുള്ളവരെ അദ്ദേഹം സന്ദർശിച്ചു.

'ആകെ 23 രോഗികളെയാണ് മറ്റ് വകുപ്പുകളിലേക്ക് മാറ്റിയത്. ഇതിൽ ഏഴ് ഗുരുതരാവസ്ഥയിലായിരുന്നവർ മരിച്ചു. മൂന്ന് പേർ പിന്നീട് മരിച്ചു. പരിക്കേറ്റവർക്ക് മതിയായ ചികിത്സ നൽകാൻ നിർദ്ദേശിച്ചിട്ടുണ്ട്.' മുഖ്യമന്ത്രി വ്യക്തമാക്കി. മരണമടഞ്ഞവരുടെ ബന്ധുക്കൾക്ക് അടിയന്തര ധനസഹായമായി 25 ലക്ഷംരൂപ അനുവദിച്ചെന്ന് മുഖ്യമന്ത്രി അറിയിച്ചു.