ചായകുടി ആരോഗ്യത്തിന് ഹാനികരം? ചൂടോടെ കുടിക്കുമ്പോൾ ഇക്കാര്യങ്ങൾ കൂടി അറിഞ്ഞോളൂ

Monday 16 March 2026 12:11 PM IST

ചായ ഒരു ഊർജം നൽകുന്ന പാനീയമാണ്. ദിവസവും രണ്ട് നേരമോ അതിലധികമോ ആകും പലരുടെയും ചായകുടി. ജോലിക്കിടെ തലച്ചോറിന് ഉന്മേഷം കിട്ടാനും ബോറടി കുറയ്‌ക്കാനുമെല്ലാം ചായ അത്യാവശ്യമാണ്.ആന്റി ഓക്‌സിഡന്റുകൾ നിറഞ്ഞ ചായ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും പ്രതിരോധ ശേഷി കൂട്ടാനും ദഹനം മെച്ചപ്പെടുത്താനും ഉചിതമാണെന്നാണ് പറയാറ്. മാത്രമല്ല സ്‌ട്രോക്ക്,​ പ്രമേഹം,​ ഹൃദയാഘാതം തുടങ്ങി പ്രശ്‌നങ്ങളുണ്ടാകാനുള്ള സാദ്ധ്യത കുറയ്‌ക്കാനും ചായകുടി സഹായിക്കുന്നുണ്ടെന്ന് പറയാറുണ്ട്.

ഇലച്ചായ,​ ഗ്രീൻ ടീ,​ ഊലോംഗ് ടീ,​ വൈറ്റ് ടീ,​ മസാല ടീ എന്നിങ്ങനെ പലതരം ചായകൾ ലോകമാകെയുണ്ട്. ഇവ പല രൂപത്തിലും ലഭ്യമാണ്. ഇതിൽ ടീ ബാഗുകൾ ഉപയോഗിച്ച് ചായ കുടിക്കുമ്പോൾ എന്നാൽ ചില ദോഷങ്ങളുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ശാസ്‌ത്ര ലോകം. 19ഓളം ശാസ്‌ത്രീയ പഠനങ്ങൾ ചേ‌ർന്ന ഒരു റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് ടീ ബാഗുകൾ വഴി പലതരത്തിൽ പ്ളാസ്‌റ്റിക് തരികൾ നമ്മുടെ ശരീരത്തിൽ എത്തിപ്പെടാം എന്നാണ്. ചെറിയൊരളവിലേ ഇതുള്ളൂ എന്ന് നാം കരുതുമെങ്കിലും വിചാരിച്ചത്ര ചെറുതല്ല അതിന്റെ റോൾ.

എംഎൻപി എന്ന് പറയാറുള്ള മൈക്രോ പ്ളാസ്റ്റിക്കുകളും നാനോ പ്‌ളാസ്റ്റിക്കുകളുമാണ് ടീ ബാഗ് വഴി ശരീരത്തിലെത്തുന്നത്. മൈക്രോ പ്ളാസ്റ്റിക്കുകൾ ഒരു മൈക്രോമീറ്റർ മുതൽ അഞ്ച് മൈക്രോ മില്ലീമീറ്റർ വരെ വലുപ്പമുള്ളവയാണ്. ഒരു മൈക്രോമീറ്ററിന് താഴെയുള്ളവയാണ് നാനോപ്‌ളാസ്‌റ്റിക്കുകൾ. നമ്മുടെ കണ്ണിന് കാണാവുന്നതിലും തീരെ ചെറുതാണ് ഈ പ്ളാസ്റ്റിക് തരികൾ എന്നർത്ഥം.

ഒരു തേയില ബാഗ് പൊതിയിൽ നിന്ന് നേരിട്ട് പ്ളാസ്റ്റിക് തരികൾ വരുന്നു എന്നർത്ഥമില്ല. പാക്കിംഗ്,​ പ്രോസസിംഗ്,​ ബ്രൂവിംഗ് തുടങ്ങി പല കടമ്പകൾ കടന്നാണ് നമ്മുടെമുന്നിൽ ടീ ബാഗുകൾ എത്തുന്നത്. ഈ ഓരോ പ്രക്രിയയിലും മൈക്രോപ്ളാസ്റ്റിക്കുകൾ കടന്നുവരാം. കോൾഡ് ടീ,​ പാക് ചെയ്‌ത പ്രത്യേകതരം ചായകൾ,​ ചൂട് ചായ ഇങ്ങനെ പലരൂപത്തിൽ ഈ മൈക്രോപ്ളാസ്റ്റിക്കുകൾ ചായയിൽ കലർന്ന് നമുക്കുള്ളിലെത്താം.

പഠനത്തിലെ വിവരം പലരെയും ഞെട്ടിച്ചു. കാരണം പാലിൽ നാം ഇട്ട ശേഷം ആവശ്യത്തിന് കടുപ്പമാക്കാൻ വീണ്ടും മുക്കിയ ശേഷമാണ് ടീ ബാഗ് ഉപയോഗിച്ച് ചായ തയ്യാറാക്കുന്നത്. ഇതിൽ ഉപയോഗിക്കുന്ന ബാഗ് കടലാസ് ആണെന്നായിരുന്നു പലരും കരുതിയിരുന്നത് എന്നാൽ കടലാസ് അല്ല പല ബാഗുകളിലും പ്ളാസ്‌റ്റിക് മെഷ് അഥവാ ചെറിയ വലപോലെയുള്ള പ്ളാസ്‌റ്റിക് ഉപയോഗിക്കുന്നുണ്ട്. ചില ബാഗുകളിൽ പോളിപ്രൊപലൈനും അടങ്ങിയിട്ടുണ്ട്. ഇവ ചൂടിനെ പ്രതിരോധിക്കുന്നതിനാലാണ് ടീ ബാഗിൽ ഉപയോഗിക്കുന്നത്.

കമ്പോസ്റ്റബിൾ, ബയോഡീഗ്രേഡബിൾ എന്ന് രേഖപ്പെടുത്തിയ ടീ ബാഗുകൾ പോലും പലപ്പോഴും പ്ളാസ്‌റ്റിക് മുക്തമല്ല. പരീക്ഷണത്തിൽ സെല്ലുലോസ് ഭാഗം അലിഞ്ഞുപോയപ്പോൾ പ്ളാസ്റ്റിക് മാലിന്യം അടിഞ്ഞുകൂടിയതായി കണ്ടെത്തി. ഒരു പരീക്ഷണത്തിൽ ഒരൊറ്റ പ്ളാസ്റ്റിക് ടീബാഗിൽ നിന്ന് 14.7 ബില്യൺ ചെറു പ്ളാസ്റ്റിക് തരി ലഭിച്ചു. മറ്റൊരു പഠനം നടത്തിയപ്പോൾ ലഭിച്ചത് 1.3 ബില്യൺ തരികളാണ്. ഇവയെല്ലാം വലിയ അളവാണ്.

ഭീഷണിയായി കെമിക്കലുകളും

ചായപ്പൊടിയുടെ ഒപ്പം അവയുടെ ഗുണത്തിന് നി‌ർമ്മാതാക്കൾ ചില രാസവസ്‌തുക്കൾ കൂടി ചേർക്കാറുണ്ട്. ഇവ നിറത്തിനും ഗുണത്തിനും എല്ലാം വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഈ വസ്‌തുക്കളും മനുഷ്യശരീരത്തിന് നിരന്തരം അകത്തെത്തിയാൽ അപകടമാണ്. ചായ തയ്യാറാക്കുമ്പോൾ ഒഴിക്കുന്ന ചൂടുവെള്ളം ഇവയെ വേഗം അലിയിക്കുന്നതും കണ്ടെത്തുന്നതിൽ തടസമാകാൻ കാരണമാണ്.

ഉള്ളിൽ ചെന്ന ചായയുടെ സാമ്പിളുകളടക്കം പഠനത്തിനായി ഗവേഷകർ ശേഖരിച്ച് നിരീക്ഷിച്ചു. ഇതിലെല്ലാം മൈക്രോ പ്ളാസ്റ്റിക് അംശവും കണ്ടെത്തി. എന്നാൽ ഇവ വലിയ പ്രശ്‌നമാണെന്നല്ല. എന്നാൽ പ്ളാസ്റ്റിക്കിൽ നിന്നുള്ള ഭീഷണി കുടിക്കുന്ന ചായയിൽ പോലുമുണ്ട് എന്ന് തെളിയിക്കാനാണ് ഗവേഷകർ ഇക്കാര്യങ്ങൾ കൊണ്ട് ഉദ്ദേശിച്ചത്.