'പ്രേതബാധയുണ്ടെന്ന് പേടി; ആ സിനിമ ചിത്രീകരിച്ച ഫ്ലാറ്റിൽ ഇരുപതുവർഷമായി താമസക്കാരില്ല'- തുറന്നുപറഞ്ഞ് സംവിധായകൻ

Monday 16 March 2026 3:57 PM IST

രാംഗോപാൽ വർമ്മയുടെ സംവിധാനത്തിൽ 2003ൽ പുറത്തിറങ്ങിയ ബോളിവുഡ് ഹൊറർ ത്രില്ലർ ചിത്രമാണ് അജയ് ദേവ്‌ഗൺ നായകനായ ഭൂത്. ഇപ്പോഴിതാ, ചിത്രം ഷൂട്ട് ചെയ്‌ത ഫ്ലാറ്റുമായി ബന്ധപ്പെട്ട് പിന്നീട് നടന്ന കാര്യങ്ങൾ തുറന്നുപറയുകയാണ് സംവിധായകൻ രാംഗോപാൽ വർമ്മ. ഹൊറർ സിനിമ ചിത്രീകരിച്ചതിനാൽ 2002 മുതൽ അവിടെ ആരും താമസിക്കാൻ തയ്യാറായില്ലെന്നാണ് രാംഗോപാൽവർമ്മ പറയുന്നത്. മുംബയിൽ അടുത്തിടെ നടന്ന റെഡ് ലോറി ഫിലിം ഫെസ്റ്റിവൽ 2026ൽ ചിത്രത്തിന്റെ ഒരു പ്രത്യേക പ്രദർശനത്തിൽ പങ്കെടുത്തപ്പോഴാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.

മുംബയിലെ ലോഖണ്ഡ്‌വാല കോംപ്ലക്‌സിലുള്ള ഒരു ഫ്ലാറ്റിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നതെന്ന് രാംഗോപാൽ വർമ്മ പറഞ്ഞു. സാധാരണയായി ഇത്തരം സിനിമകൾക്ക് ഉപയോഗിക്കാറുള്ള ബംഗ്ലാവുകൾക്ക് പകരം പ്രേക്ഷകർക്ക് കൂടുതൽ പരിചയം തോന്നുന്ന ഒരിടം വേണമെന്നതിനാലാണ് അപാർട്‌മെന്റ് തിരഞ്ഞെടുത്തത്. വെറും 30 ദിവസത്തിനുള്ളിൽ സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി. സിനിമ റിലീസ് ചെയ്‌തതോടെ ഈ അപാർട്‌മെന്റ് ഏറെ പ്രശസ്‌തമായി. പക്ഷേ, പ്രേതബാധയുണ്ടെന്ന ഭയത്താൽ 20 വർഷത്തിലേറെയായി ഇവിടെയാരും താമസിക്കാൻ ധൈര്യപ്പെട്ടില്ലെന്ന് അദ്ദേഹം തുറന്നുപറഞ്ഞു.

പ്രേതബാധയുള്ള ഒരു ഫ്ലാറ്റിലേക്ക് താമസം മാറുന്ന ദമ്പതിമാരെ കേന്ദ്രീകരിച്ചായിരുന്നു ഭൂത് എന്ന ചിത്രം ഒരുക്കിയത്. ബോക്‌സ് ഓഫീസിൽ വൻവിജയമായി മാറിയ ഈ ചിത്രത്തിന് ശേഷം 2012ൽ മനീഷ കൊയ്‌രാളയെ ഉൾപ്പെടുത്തി 'ഭൂത് റിട്ടേൺസ്' എന്ന പേരിൽ ഒരു രണ്ടാം ഭാഗവും പുറത്തിറക്കിയിരുന്നു.