വിളപ്പിൽ ഗ്രാമപഞ്ചായത്തിൽ കളിസ്ഥലം യാഥാർത്ഥ്യമാകുന്നു
മലയിൻകീഴ് : കളിക്കളമില്ലാത്ത വിളപ്പിൽ ഗ്രാമപഞ്ചായത്തിന് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയ തുകയിൽ ആദ്യഘട്ടമായി സ്ഥലം വാങ്ങി കളിക്കളം നിർമ്മിക്കാൻ 3.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. പഞ്ചായത്തിലുൾപ്പെട്ട മൈലാടി വാർഡിലെ പറമ്പും തല നെല്ലിവിളയിൽ കവടിയാർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള 2.37 ഏക്കർ ഭൂമിയിലാണ് കളിക്കളം നിർമ്മിക്കുക. കാലങ്ങളായുള്ള പ്രദേശവാസികളുടെ
ആവശ്യാമാണ് പരിഹരിക്കപ്പെടുന്നത്.
കേരളോത്സവത്തിന്റെ ഭാഗമായുള്ള കായികമത്സരങ്ങൾ നടത്താൻ സമീപത്തെ ഗ്രാമങ്ങളെയാണ് വിളപ്പിൽ പഞ്ചായത്ത് ആശ്രയിക്കുന്നത്. കുട്ടികളും യുവാക്കളും റോഡിലും സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളിലുമാണ് കളിയിടം കണ്ടെത്തിയിരുന്നത്. നിരവധി കായിക താരങ്ങളെ സംഭാവന ചെയ്ത വിളപ്പിൽ ഗ്രാമത്തിന്റെ ദുരവസ്ഥ ഐ.ബി. സതീഷ് എം.എൽ.എയുടെ ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് നടത്തിയ ശ്രമഫലമാണ് കളിസ്ഥലം യാഥാർത്ഥ്യമാകാൻ കാരണം.മൈലാടിയിൽ കളിക്കളം നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് എം.എൽ.എ അറിയിച്ചു.