'നിർമാണ നിരോധനം നീക്കിയത് ചരിത്രപരം"

Tuesday 17 March 2026 1:08 AM IST

കട്ടപ്പന: നിർമാണ നിരോധനം നീക്കിയുള്ള മന്ത്രിസഭാ തീരുമാനം ജില്ലയുടെ ഭാവി നിശ്ചയിക്കുന്ന നിർണായക വഴിത്തിരിവാണെന്ന് എൽ.ഡി.എഫ് ജില്ലാ നേതാക്കൾ പറഞ്ഞു. പട്ടയഭൂമിയിൽ ഏതുവിധത്തിലുള്ള നിർമാണങ്ങളും സുഗമമായി തുടരാം. ഹൈക്കോടതി വിധിയെ തുടർന്ന് പുതിയ നിർമാണങ്ങൾക്ക് അനുമതി നൽകാൻ ഉണ്ടായിരുന്ന തടസം നീങ്ങി. 1960ലെ ഭൂനിയമവും 1964ലെ ചട്ടവുമനുസരിച്ച് ജില്ലയിൽ യഥേഷ്ടം നിർമാണങ്ങൾ നടന്നിരുന്നെങ്കിലും കോൺഗ്രസ് നേതാക്കൾ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് തടസപ്പെട്ടത്. കോൺഗ്രസ് നേതാക്കൾ ഹൈക്കോടതിയിൽനിന്ന് ചോദിച്ചുവാങ്ങിയതാണ് നിർമാണ നിരോധനം. പള്ളിവാസലിലെ കെട്ടിട നിർമാണത്തിനെതിരെ വിജിലൻസിൽ പരാതിയും ഹൈക്കോടതിയിൽ ഹർജിയും നൽകിയതോടെയാണ് ജില്ലയിലെ വാണിജ്യ നിർമാണങ്ങൾ ഒന്നാകെ നിർത്തിവയ്ക്കാൻ ഉത്തരവുണ്ടായത്. പിന്നീട് സംസ്ഥാന സർക്കാർ 1960ലെ ഭൂനിയമം ഭേദഗതി ചെയ്ത് ചട്ടം രൂപീകരിക്കുകയും നിർമാണങ്ങൾ ക്രമവൽക്കരിക്കാൻ ഉത്തരവിറക്കുകയും ചെയ്തു. ഇപ്പോൾ തുടർ നിർമാണങ്ങളെന്ന ആവശ്യം മന്ത്രിസഭാ തീരുമാനത്തിലൂടെ സാധ്യമായെന്ന് നേതാക്കളായ സി.വി. വർഗീസ്, വി.ആർ. ശശി, അഡ്വ. മനോജ് എം. തോമസ്, വി.ആർ. സജി, അനിൽ കൂവപ്ലാക്കൽ, മാത്യു ജോർജ്, സി.എസ്. അജേഷ് എന്നിവർ പറഞ്ഞു.