ഓസ്‌കാറിൽ തിളങ്ങി വൺ ബാറ്റിൽ ആഫ്റ്റർ അനദർ, മികച്ച നടൻ മൈക്കൽ ബി. ജോർദാൻ, നടി ജെസി ബക്ക്‌ലി

Tuesday 17 March 2026 1:22 AM IST

ലോസ് ആഞ്ചലസ്: 98-ാമത് ഓസ്കാർ പുരസ്കാര വേദിയിൽ തിളങ്ങി ലിയനാർഡോ ഡികാപ്രിയോ നായകനായി എത്തിയ 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ". മികച്ച ചിത്രമടക്കം 6 പുരസ്‌കാരങ്ങൾ സ്വന്തമാക്കി. ചിത്രത്തിലൂടെ പോൾ തോമസ് ആൻഡേഴ്സൺ മികച്ച സംവിധാനത്തിനും അവലംബിത തിരക്കഥയ്ക്കും പുരസ്കാരം നേടി.

ഹോറർ ചിത്രമായ 'സിന്നേഴ്സി'ലെ അഭിനയത്തിന് മൈക്കൽ ബി. ജോർദാൻ മികച്ച നടനായി. ക്ലോയി ഷാവോ സംവിധാനം ചെയ്ത 'ഹാംനെറ്റി'ൽ വില്യം ഷേക്‌സ്‌പിയറിന്റെ ഭാര്യ ആഗ്നസിന്റെ വേഷം അവതരിപ്പിച്ച ജെസി ബക്ക്‌ലിയാണ് മികച്ച നടി. മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം നേടുന്ന ആദ്യ വനിതയെന്ന നേട്ടം ഓട്ടം ഡുറാൾഡ് അർകാപോ (സിന്നേഴ്സ്) സ്വന്തമാക്കി.

ഇന്ത്യൻ വംശജനും നേട്ടം

മികച്ച ലൈവ്-ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ ഇന്ത്യൻ വംശജൻ അലക്സാണ്ടർ സിംഗും ഭാര്യ നതാലിയും ചേർന്ന് സംവിധാനം ചെയ്ത 'ടു പീപ്പിൾ എക്‌സ്‌ചേഞ്ചിംഗ് സലൈവ'യ്ക്ക് നേട്ടം. ഫ്രഞ്ച് ഭാഷയിലുള്ള ഈ ചിത്രം,അമേരിക്കൻ ഷോർട്ട് ഫിലിം 'സിംഗേഴ്‌സു'മായി പുരസ്കാരം പങ്കിട്ടു. ഫ്രാൻസിൽ ജനിച്ച വിഷ്വൽ ആർട്ടിസ്റ്റ് കൂടിയായ അലക്സാണ്ടർ,യു.കെയിലാണ് വളർന്നത്.