പരിപാലനമില്ലാതെ അക്ഷയ കോംപ്ളക്സ്

Tuesday 17 March 2026 1:59 AM IST

നെയ്യാറ്റിൻകര: കോടികൾ മുടക്കി നെയ്യാറ്റിൻകര ബസ്‌സ്റ്റാൻഡിന്റെ ഹൃദയഭാഗത്ത് പണിത അക്ഷയ ഷോപ്പിംഗ് കോംപ്ളക്സ് വേണ്ടത്ര പരിപാലനമില്ലാതെ ക്ഷയിക്കാൻ തുടങ്ങിയിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് ആരോപണം. നെയ്യാറ്റിൻകര നഗരസഭയുടെ പ്രധാന വരുമാന സ്ത്രോതസ് കൂടിയാണ് ഈ വ്യാപാര സമുച്ഛയം. മുപ്പതിലേറെ കടമുറികളുമായി മൂന്ന് നിലകളിലായിട്ടാണ് കെ.രഘുനാഥൻ മുനിസിപ്പൽ ചെയർമാൻ ആയിരിക്കെ ഷോപ്പിംഗ് കോംപ്ളക്സ് പണിതത്. ലക്ഷങ്ങൾ അഡ്വാൻസും ഉയ‌ർന്ന വാടകയും നൽകിയാണ് വ്യാപാരികൾ കോംപ്ളക്സിലെ കടമുറികൾ സ്വന്തമാക്കിയത്. നെയ്യാറ്റിൻകര ട്രാൻസ്പോർട്ട് ബസ് സ്റ്റേഷന്റെ സമീപമായതിനാൽ യാത്രക്കാർക്ക് സൗകര്യമായി വന്ന് സാധനങ്ങൾ വാങ്ങുവാനായാണ് കോംപ്ളക്സ് പണിതതെങ്കിലും ചുറ്റിലുമുള്ള ഉയർന്ന കമ്പിമുൾവേലികളും വാഹന പാ‌ർക്കിംഗിന് സ്ഥലം കണ്ടെത്താത്തതും കാരണം കച്ചവട സ്ഥാപനങ്ങൾ ലാഭകരമായി നടത്തുവാൻ കഴിഞ്ഞില്ല.

വാഷ് റൂമില്ലാത്ത ഷോപ്പിംഗ് കോംപ്ളക്സ്

സാധനങ്ങൾ വാങ്ങാനെത്തുന്ന ഉപഭോക്താക്കൾക്ക് പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ ഒരു വാഷ്റൂം പോലും ഇവിടെ പണിതിട്ടില്ല. ഉള്ള ടോയ്ലെറ്റാകട്ടെ ചില വ്യാപാരികൾ താഴിട്ട് പൂട്ടിയതായും പരാതിയുണ്ട്.

വൃത്തിഹീനം

മൂന്നു നിലയിലും വ്യാപാര സ്ഥാപനങ്ങളും പൊതുമേഖലാ ഓഫീസും കോടതിയുമൊക്കെ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഷോപ്പിംഗ് കോംപ്ളക്സിനായി പ്രത്യേക ശുചീകരണ തൊഴിലാളികളെ നിയമിച്ചിട്ടില്ല.

പരിപാലനത്തിന് ബഡ്ജറ്റിൽ തുകയില്ല

പതിനാലരക്കോടി രൂപയുടെ 2026-27 ലെ നഗരസഭാ ബഡ്ജറ്റിൽ ഹൈടെക് വാഹന പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തുമെന്ന സൂചനയല്ലാതെ ഷോപ്പിംഗ് കോംപ്ളക്സ് നവീകരിക്കാൻ ഒരു രൂപ പോലും മാറ്റി വച്ചിട്ടില്ലെന്ന് വ്യാപാരികൾ പരാതിപ്പെടുന്നു.