ഹരിപ്പാട്ട് കരുത്തുറ്റ മത്സരം
ആലപ്പുഴ: ജില്ലയിൽ നിലവിൽ യു.ഡി.എഫ് അക്കൗണ്ടിലുള്ള ഏക നിയമസഭാ മണ്ഡലമാണ് ഹരിപ്പാട്. ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും മുൻ പ്രതിപക്ഷ നേതാവ് കൂടിയായ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തന്നെ ഇത്തവണയും യു.ഡി.എഫിനായി അങ്കത്തിനിറങ്ങും. എ.ഐ.വൈ.എഫ് നേതാവ് ടി.ടി ജിസ്മോനെയാണ് സി.പി.ഐ സ്ഥാനാർത്ഥിയായി ഇടതുമുന്നണി കളത്തിലിറക്കിയിരിക്കുന്നത്. ബി.ജെ.പി ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയാണ് എൻ.ഡി.എ സ്ഥാനാർത്ഥി
കാർത്തികപ്പള്ളി താലൂക്കിൽ ഉൾപ്പെടുന്ന ആറാട്ടുപുഴ, ചേപ്പാട്, ചെറുതന, ചിങ്ങോലി, ഹരിപ്പാട്, കാർത്തികപ്പള്ളി, കരുവാറ്റ, കുമാരപുരം, മുതുകുളം, പള്ളിപ്പാട്, തൃക്കുന്നപ്പുഴ പഞ്ചായത്തുകൾ ചേർന്നതാണ് ഹരിപ്പാട് മണ്ഡലം. 2001ൽ സി.പി.എം സ്ഥാനാർത്ഥിയായിരുന്ന ടി.കെ ദേവകുമാറിന് ശേഷം തുടർച്ചയായി കോൺഗ്രസ് സ്ഥാനാർത്ഥികളെ വിജയിപ്പിച്ച് കോൺഗ്രസിന് വ്യക്തമായ ആധിപത്യം നേടിക്കൊടുത്ത മണ്ഡലം കൂടിയാണിത്. 2011 ലും 2016ലും രമേശ് ചെന്നിത്തലയാണ് ഹരിപ്പാട് നിയോജക മണ്ഡലത്തിൽ നിന്നും വിജയിച്ചത്. നേരത്തെ 1982ലും 1987ലും രമേശ് ചെന്നിത്തല ഇവിടെ നിന്ന് വിജയിച്ചിരുന്നു.
സംസ്ഥാനമൊട്ടാകെ എൽ.ഡി.എഫ് തരംഗം വീശിയടിച്ച 2021-ലും ഹരിപ്പാട് അതിന്റെ രാഷ്ട്രീയസ്വഭാവം നിലനിർത്തി.
എൽ.ഡി.എഫ് വോട്ട് വർദ്ധിപ്പിച്ചെങ്കിലും രമേശ് ചെന്നിത്തലയുടെ വ്യക്തിബന്ധങ്ങളും മണ്ഡലത്തിലെ ഇടപെടലുകളുമാണ് യു.ഡി.എഫിനെ തുണച്ചത്. എൽ.ഡി.എഫ് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളും മണ്ഡലത്തിന്റെ പിന്നാക്കവസ്ഥയും ചൂണ്ടിക്കാട്ടി ഇടതുമുന്നണി മണ്ഡലം തിരിച്ചുപിടിക്കാൻ തന്ത്രങ്ങൾ മെനയുമ്പോൾ ഇരുമുന്നണികളും മണ്ഡലത്തോട് പുലർത്തിയ അവഗണനയാണ് ബി.ജെ.പിയുടെ പ്രചരണ വിഷയം. മണ്ഡലത്തിലെ മൂന്ന് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ രണ്ടിടത്ത് യു.ഡി.എഫിനും ഒരിടത്ത് എൽ.ഡി.എഫിനുമായിരുന്നു വിജയം.
തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് മേൽക്കൈ
തദ്ദേശ തിരഞ്ഞെടുപ്പിൽ ആകെയുള്ള 10 പഞ്ചായത്തിൽ എഴെണ്ണത്തിലും ഭരണം നേടി യു.ഡി.എഫ് മേൽക്കൈ നേടി. ഇടതുമുന്നണി ചെറുതനയിലും കുമാരപുരത്തുമായി ഒതുങ്ങി. കാർത്തികപ്പള്ളിയിൽ ബി.ജെ.പിക്കാണ് ഭരണം ലഭിച്ചത്. ഹരിപ്പാട് നഗരസഭയിൽ ഭരണം നിലനിർത്തിയ യു.ഡി. എഫ്. ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിൽ അട്ടിമറി വിജയം നേടിയപ്പോൾ മുതുകുളം ബ്ലോക്കിലെ ഭരണം ഇടതുമുന്നണി നിലനിർത്തി.
..................................................
2021ലെ തിരഞ്ഞെടുപ്പ്
രമേശ് ചെന്നിത്തല - യു.ഡി.എഫ്.............72,768
ആർ.സജിലാൽ - എൽ.ഡി.എഫ്...............59,102
കെ.സോമൻ - എൻ.ഡി.എ.........................17,896
ഹരിപ്പാട് 2016
രമേശ് ചെന്നിത്തല............ 75,980 (ഭൂരിപക്ഷം 18,621)
പി പ്രസാദ്............................57,399
ഡോ. അശ്വനിദേവ്..............12,985