പട്ടിക നീളുന്നു,ആശങ്കയും
തൃശൂർ : കോൺഗ്രസ് പട്ടിക നീളുന്നു. ഇന്നലെ ആദ്യഘട്ട പട്ടിക പുറത്തിറക്കുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും വൈകിട്ടോടെ മാറ്റിവച്ചു. ആദ്യ പട്ടികയിലെ അഞ്ചോളം മണ്ഡലങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇന്നലെ പ്രഖ്യാപിക്കുകയാണെങ്കിൽ റോഡ് ഷോ ഉൾപ്പെടെ നടത്താനുള്ള തയ്യാറെടുപ്പിലായിരുന്നു പലരും. മണലൂരിൽ ഇതിനകം ടി.എൻ.പ്രതാപൻ പ്രചാരണം തുടങ്ങി. പ്രഖ്യാപനം വന്നില്ലെങ്കിലും സിറ്റിംഗ് എം.എൽ.എയായ സനീഷ് കുമാർ ജോസഫും കളത്തിലിറങ്ങി. തൃശൂർ മണ്ഡലത്തിൽ അനിശ്ചിതത്വം തുടരുകയാണ്. രാജൻ പല്ലന്റെയും ടി.വി.ചന്ദ്രമോഹന്റെയും പേരുകൾ മാറി മറിയുകയാണ്. കഴിഞ്ഞ ദിവസം രാത്രി വരെ രാജൻ പല്ലന്റെ പേരിനായിരുന്നു മുൻതൂക്കം. എന്നാൽ രാത്രിയോടെ വീണ്ടും ടി.വി.ചന്ദ്രമോഹനിലേക്ക് എത്തിയതായും സൂചനകളുണ്ട്. പട്ടിക നീളുന്നത് പ്രവർത്തകരിൽ അമർഷം ഉണ്ടാക്കിയിട്ടുണ്ട്. ബി.ജെ.പിയിൽ നാലു പേരുടെ പേരുകൾ മാത്രമാണ് പുറത്തുവന്നത്. സി.സി.മുകുന്ദനെ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിപ്പിക്കുന്നതിൽ പ്രാദേശിക തലത്തിൽ എതിർപ്പുണ്ട്. കഴിഞ്ഞ ദിവസം വരെ എം.എൽ.എയ്‌ക്കെതിരെ ഒപ്പു ശേഖരണം നടത്തിയ ബി.ജെ.പി ഇപ്പോൾ അദ്ദേഹത്തിന് വേണ്ടി വോട്ട് ചോദിക്കാൻ ചെല്ലുന്നത് പാർട്ടിയ്ക്ക് ദോഷം ചെയ്യുമെന്നും ഒരുവിഭാഗം ചൂണ്ടിക്കാണിക്കുന്നു.