ഹരീഷ് റാണയുടെ അവയവ ദാന സാദ്ധ്യതയും പരിഗണനയിൽ

Tuesday 17 March 2026 12:25 AM IST

ന്യൂഡൽഹി: ഡൽഹി എയിംസിലെ പാലിയേറ്രീവ് കെയർ സെന്ററിൽ മരണത്തെ പ്രതീക്ഷിച്ചു കിടക്കുകയാണ് 32കാരൻ ഹരീഷ് റാണയുടെ അവയവങ്ങൾ ദാനം ചെയ്യണമെന്ന താത്പര്യം കുടുംബം പ്രകടിപ്പിച്ചുവെന്ന് റിപ്പോർട്ട്. കുറച്ചു പേരുടെയെങ്കിലും ജീവിതത്തിൽ മരണത്തിലും മകൻ പ്രകാശമാകട്ടെയെന്ന നിലപാടിലാണ് മാതാപിതാക്കൾ. നിലവിൽ ആശുപത്രിയിൽ പ്രാർത്ഥനകളുമായി കഴിയുകയാണ് പിതാവ് അശോക് റാണ,മാതാവ് നിർമ്മല,സഹോദരൻ ആശിഷ് റാണ,സഹോദരി ഭാവനാ റാണ എന്നിവർ. പന്ത്രണ്ടര വ‌ർഷമായി ഒറ്റക്കിടപ്പിൽ കിടക്കുന്നതിനാൽ അവയവദാനത്തിൽ വിദഗ്ദ്ധരുടെ അഭിപ്രായം തേടേണ്ടി വരും. ദയാമരണത്തിന് അനുമതി നൽകിയ സുപ്രീംകോടതിയെയും അറിയിക്കണം. 2013 ആഗസ്റ്റ് 20ന് രക്ഷാബന്ധൻ ദിനത്തിലാണ് പഞ്ചാബ് സ‌ർവകലാശാലയിലെ എൻജിനിയറിംഗ് വിദ്യാർത്ഥിയായിരുന്ന ഹരീഷ്,​അവിടുത്തെ പേയിംഗ് ഗസ്റ്റ് ഹൗസിന്റെ നാലാം നിലയിൽ നിന്നു താഴേക്കു വീണ് തലച്ചോറിന് ഗുരുതര ക്ഷതമേറ്റത്. മാർച്ച് 11ന് സുപ്രീംകോടതി ദയാമരണത്തിന് അനുമതി നൽകി.

വിദഗ്ദ്ധ ഡോക്‌ടർമാരുടെ

പ്രത്യേക സംഘം

ദയാമരണത്തിനുള്ള പ്രക്രിയ വിദഗ്ദ്ധ ഡോക്‌ടർമാരുടെ പ്രത്യേക സംഘത്തിന്റെ മേൽനോട്ടത്തിലാണ്. ശനിയാഴ്ച ഉത്തർപ്രദേശ് ഗാസിയാബാദിലെ വീട്ടിൽ നിന്ന് എയിംസിലെ ഇൻസ്റ്റിറ്ര്യൂട്ട് റോട്ടറി ക്യാൻസർ ഹോസ്‌പിറ്റൽ പാലിയേറ്റീവ് കെയർ യൂണിറ്റിലാണ് പ്രവേശിപ്പിച്ചത്. അന്തസും ആശ്വാസവും നിലനിറുത്തികൊണ്ട് ഭക്ഷണട്യൂബ് അടക്കം ഇപ്പോഴുള്ള മെഡിക്കൽ സംവിധാനങ്ങൾ ഘട്ടംഘട്ടമായി മാറ്റും.

പ്രത്യേക നിയമം

വേണം

ദയാമരണത്തിനും സാന്ത്വന പരിചരണത്തിനും കേന്ദ്രസ‌ർക്കാ‌ർ പ്രത്യേക നിയമം കൊണ്ടുവരണമെന്ന് മുസ്ലിം ലീഗ് രാജ്യസഭാ എം.പി ഹാരിസ് ബീരാൻ ആവശ്യപ്പെട്ടു. ഇന്നലെ രാജ്യസഭയിലാണ് വിഷയം ഉന്നയിച്ചത്. ഹരീഷ് റാണയ്‌ക്ക് ദയാമരണം അനുവദിച്ച സുപ്രീംകോടതി വിധി ഹാരിസ് ബീരാൻ ചൂണ്ടിക്കാട്ടി. അന്തസോടെ ജീവിക്കാനുള്ള മൗലികാവകാശത്തിൽ അന്തസോടെ മരിക്കാനുള്ള അവകാശവും ഉൾപ്പെടുമെന്ന് പരമോന്നത കോടതി വ്യക്തമാക്കിയതും സഭയെ ഓ‌ർമ്മിപ്പിച്ചു.