എൻ.ഡി.എ സ്ഥാനാർത്ഥികൾ
പത്മജ വേണുഗോപാൽ (തൃശൂർ)
കോൺഗ്രസിൽ നിന്ന് കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിയിൽ ചേർന്നു. മുൻ മുഖ്യമന്ത്രി കെ.കരുണാകരന്റെയും കല്യാണിക്കുട്ടി അമ്മയുടെയും മകളാണ്. നിലവിൽ ബി.ജെ.പിയുടെ ദേശീയ നിർവാഹക സമിതി അംഗമാണ്. 2004 ലാണ് ആദ്യമായി തിരഞ്ഞെടുപ്പ് രംഗത്തെത്തുന്നത്. മുകുന്ദപുരം സീറ്റിൽ നിന്ന് കോൺഗ്രസിനായി മത്സരിച്ചു. 2016ലും 2021 ലും മത്സരിച്ചു. കെ.പി.സി.സിയുടെ രാഷ്ട്രീയകാര്യ സമിതി അംഗവും എ.ഐ.സി.സി അംഗവുമായിരുന്നു. കെ.പി.സി.സി വൈസ് പ്രസിഡന്റ് , ജനറൽ സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട.് ഡി.സി.സി അദ്ധ്യക്ഷപദവിയിൽ പ്രവർത്തിച്ചിട്ടുണ്ട് .
അഡ്വ കെ.കെ.അനീഷ്‌കുമാർ( മണലൂർ)
നിലവിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും സംസ്ഥാന കോർ കമ്മറ്റിയംഗവുമാണ്. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ പ്രീഡിഗ്രി പഠനകാലത്ത് വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെ പൊതുപ്രവർത്തനരംഗത്തെത്തി. എ.ബി.വി.പി ഗുരുവായൂർ താലൂക്ക് സെക്രട്ടറി, സ്റ്റേറ്റ് കമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കോളേജ് യൂണിയൻ ചെയർമാൻ, സ്റ്റുഡന്റ് എഡിറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചു. ആർ.എസ്.എസിന്റെ വിവിധ ചുമതലകൾ വഹിച്ചു. യുവമോർച്ച തൃശൂർ ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി, ജില്ലാ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ജില്ലാ കോടതിയിൽ അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നു. കേന്ദ്ര സർക്കാരിന്റെ സ്റ്റാൻഡിംഗ് കൗൺസിലായും പ്രവർത്തിച്ചു. ഭാര്യ ഡോ.അമുദ പാലക്കാട് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിലെ പീഡിയാട്രീഷ്യനാണ്. ഏക മകൾ നമാമി.
സന്തോഷ് ചെറാക്കുളം (ഇരിങ്ങാലക്കുട)
ബി.ജെ.പി സംസ്ഥാന കൗൺസിൽ അംഗം. ശ്രീനാരായണീയ പ്രസ്ഥാനങ്ങളിൽ സജീവ സാന്നിദ്ധ്യമായ സന്തോഷ് ചെറാക്കുളം ഇരിങ്ങാലക്കുടയിലെ വിവിധ മേഖലകളിൽ നിറസാന്നിദ്ധ്യമാണ്. 2011 ലെ തിരഞ്ഞെടുപ്പിൽ 5.05 ശതമാനം മാത്രം വോട്ട് ഉണ്ടായിരുന്ന മണ്ഡലത്തിൽ 20.37 ശതമാനത്തിലേക്ക് വർദ്ധിപ്പിക്കാൻ സാധിച്ചു. ശബരിമല പ്രക്ഷോഭകാലത്ത് ആചാരസംരക്ഷണത്തിനായി ശക്തമായി നിലകൊണ്ടു.സി.കെ.ദമോദരന്റയും തങ്കമണിയുടെയും മകനാണ്. ഭാര്യ ബിന്ദു, മകൻ: ആനന്ദ്.
കെ.ബാലകൃഷ്ണൻ (ചേലക്കര) ബി.ജെ.പി തൃശൂർ നോർത്ത് ജില്ലാ സെക്രട്ടറി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ ചേലക്കരയിൽ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നു. മൂന്നു തവണ പഞ്ചായത്ത് അംഗമാണ്. തിരുവില്വാമല പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. മണ്ഡലം ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, പഞ്ചായത്ത് ജനറൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചു. ഭാര്യ: സന്ധ്യ; മക്കൾ: ഐശ്വര്യ, ആതിര , വൈഷ്ണവ്.