ഈ ഇലയുടെ നീര് എണ്ണയിൽ ചേർത്ത് മസാജ് ചെയ്‌തോളൂ; മുടി കൊഴിച്ചിൽ മാറി തലമുടി ശക്തിയായി വളരും
ധാരാളം ഗുണങ്ങളുള്ള ഒരു ഔഷധ സസ്യമാണ് പുതിന. പ്രധാനമായും ദഹനസംബന്ധമായ പ്രശ്‌നങ്ങൾക്കും ചർമ്മസംരക്ഷണത്തിനുമാണ് പുതിന ഉപയോഗിക്കുന്നതെങ്കിലും മുടിയുടെ ആരോഗ്യത്തിനും ഇത് ഉത്തമമാണ്. ഇതിലെ വിറ്റാമിനുകളും ധാതുക്കളും ബയോ ആക്‌ടീവ് സംയുക്തങ്ങളും തലയോട്ടിയെ ആരോഗ്യകരമായി നിലനിർത്തുന്നതിനാൽ മുടി വളർച്ച പ്രോത്സാഹിക്കപ്പെടുന്നു.
മുടിയുടെ വേരുകളിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കുന്നതിനും താരൻ കുറയ്‌ക്കുന്നതിനും തലയോട്ടിയിലെ വിഷാംശം നീക്കം ചെയ്യുന്നതിനും പുതിന ഗുണം ചെയ്യുന്നു. പുതിനയിൽ തലയോട്ടിയിലെ സമ്മർദവും അണുബാധയും കുറയ്‌ക്കുന്ന ആന്റി- ഇൻഫ്ലമേറ്ററി ആന്റി മൈക്രോബയൽ ഗുണങ്ങളുണ്ട്. പുതിനയെണ്ണ ഉപയോഗിച്ച് തല മസാജ് ചെയ്യുന്നത് തലയോട്ടി തണുപ്പിക്കാൻ സഹായിക്കുന്നു. പുതിനയില നീരാക്കി തലയോട്ടിയിൽ തേച്ച് അഞ്ച് മിനിറ്റ് മസാജ് ചെയ്‌ത് മുപ്പത് മിനിറ്റിനുശേഷം കഴുകിക്കളയുക.
പുതിനയില ഉണക്കിപ്പൊടിച്ച് നാരങ്ങ നീര് ചേർത്ത് 20 മുതൽ 20 മിനിറ്റ് തലയോട്ടിയിൽ പുരട്ടുക. ഷാംപൂ ചെയ്‌തതിനുശേഷം പുതിനവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. തലയോട്ടിയിലെ എണ്ണ, അഴുക്ക് തുടങ്ങിയവ നീക്കം ചെയ്യാനും ഇത് സഹായിക്കുന്നു. ഒരു പ്രത്യേകം സുഗന്ധം പുറപ്പെടുവിക്കുന്ന പുതിനയിലയിലെ ഘടകങ്ങൾ പേൻ ശല്യം ഇല്ലാതാക്കാനും സഹായിക്കുന്നു.
ഇതിനുപുറമെ പുതിനയിലെ ആന്റി ബാക്‌ടീരിയൽ ഗുണങ്ങൾ മുഖക്കുരു, പാടുകൾ എന്നിവ മാറ്റാനും ചർമ്മം ശുദ്ധമാക്കാനും സഹായിക്കുന്നു. രാവിലെ എഴുന്നേൽക്കുമ്പോൾ പുതിനയിലയിട്ട വെള്ളം കുടിക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ ചട്‌നി ഉൾപ്പടെയുള്ള ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തി കഴിക്കുകയും ചെയ്യാം.