കേന്ദ്രമന്ത്രിയുടെ മകൾക്ക് എപ്‌സ്റ്റീനുമായി ബന്ധം, ഓൺലൈൻ ഉള്ളടക്കങ്ങൾ നീക്കണമെന്ന് ഹൈക്കോടതി

Wednesday 18 March 2026 5:56 AM IST

ന്യൂഡൽഹി: ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായി കേന്ദ്രമന്ത്രി ഹർദീപ്സിംഗ് പുരിയുടെ മകൾ ഹിമായനി പുരിക്ക് ബന്ധമുണ്ടെന്ന ഓൺലൈൻ ഉള്ളടക്കങ്ങൾ നീക്കാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. ലോകവ്യാപകമായി അല്ല, ഇന്ത്യയിൽ ലഭ്യമായ ഉള്ളടക്കങ്ങളാണ് നീക്കേണ്ടത്. സമൂഹ മാദ്ധ്യമങ്ങൾക്കും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കുമടക്കമാണ് നിർദ്ദേശം. 10 കോടി നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ഹിമായനി പുരി സമർപ്പിച്ച മാനനഷ്‌ടക്കേസിലാണ് നടപടി. കുട്ടികളെ പീഡിപ്പിച്ച കേസുകളിൽപ്പെട്ട് പിന്നീട് ജയിലിൽ മരിച്ച വിവാദ അമേരിക്കൻ വ്യവസായിയാണ് ജെഫ്രി എപ്‌സ്റ്റീൻ. കഴിഞ്ഞ ഫെബ്രുവരി 26 മുതൽ സമൂഹ മാദ്ധ്യമങ്ങളിലടക്കം വ്യാപക പ്രചാരണം നടക്കുന്നുവെന്നാണ് കേന്ദ്രമന്ത്രിയുടെ മകളുടെ പരാതി. എപ്‌സ്റ്റീന്റെ ബിസിനസുമായി ബന്ധമുണ്ടെന്നും ക്രിമിനൽ പ്രവൃത്തികൾക്ക് കൂട്ടുനിന്നുവെന്നും മറ്റുമാണ് പ്രചാരണമെന്നും വ്യക്തമാക്കി. വസ്‌തുതാവിരുദ്ധമായ കാര്യങ്ങളാണിത്. കേന്ദ്രമന്ത്രിയുടെ മകളായതു കൊണ്ടാണ് തനിക്ക് ഈ ആക്രമണം നേരിടേണ്ടി വരുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി. ആഗസ്റ്റ് 7ന് വീണ്ടും പരിഗണിക്കും.