എട്ട് പ്രതിപക്ഷ എം.പിമാരുടെയും സസ്‌പെൻഷൻ പിൻവലിച്ചു

Wednesday 18 March 2026 3:59 AM IST

 സഭയിലെത്തി

ന്യൂഡൽഹി: ബഡ്‌ജറ്റ് സമ്മേളനത്തിന്റെ ആദ്യപാദത്തിൽ ലോക്‌സഭയിൽ പ്രതിഷേധിച്ചതിന് സസ്‌പെൻഷനിലായിരുന്ന എട്ട് പ്രതിപക്ഷ എം.പിമാരെയും തിരിച്ചെടുത്തു. കോൺഗ്രസിലെ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ്, അമരീന്ദർ സിംഗ് രാജാ വാറിംഗ്, ഗുർജീത് സിംഗ് ഔജ്ല, മാണിക്കം ടാഗോർ, പ്രശാന്ത് യാദവ്‌റാവു പഡോലെ, സി. കിരൺകുമാ‌ർ റെഡ്‌ഡി, സി.പി.എമ്മിലെ എസ്. വെങ്കട്ടേശൻ എന്നിവരെയാണ് തിരിച്ചെടുത്തത്. തിങ്കളാഴ്ച ലോക്‌സഭാ സ്‌പീക്കർ ഓം ബിർള വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ സസ്‌പെൻഷൻ പിൻവലിക്കാൻ ധാരണയായിരുന്നു. നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കില്ല, പേപ്പർ ചുരുട്ടിയെറിയില്ല, ഉദ്യോഗസ്ഥരുടെ കസേരകളിൽ കയറില്ല, സഭയിൽ ബാനറുകളും പ്ലക്കാർഡുകളും ഉയർത്തില്ല തുടങ്ങിയ നിർദ്ദേശങ്ങൾ സ‌്‌പീക്കർ മുന്നോട്ടുവച്ചിരുന്നു. നിർദ്ദേശങ്ങൾ അംഗീകരിച്ചെന്നാണ് സൂചന. പ്രമേയം അംഗീകരിച്ച് സസ്‌പെൻഷൻ പിൻവലിച്ചതിനുപിന്നാലെ, പാ‌ർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയിൽ പ്രണാമമർപ്പിച്ച ശേഷം പ്രതിപക്ഷ എം.പിമാർ സഭയിലെത്തി. ഫെബ്രുവരി മൂന്നിനാണ് എം.പിമാരെ സസ്‌‌പെൻഡ് ചെയ്‌തത്.

മുൻ കരസേനാ മേധാവി എം.എം. നരവനെയുടെ പുസ്‌തകത്തിലെ പരാമർശങ്ങളിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ സംസാരിക്കാൻ അനുവദിക്കാത്തതിലായിരുന്നു പ്രതിഷേധം.

ലക്ഷ്‌മണരേഖ ആവശ്യം: റിജിജു

സസ്‌പെൻഷൻ പിൻവലിക്കാനുള്ള പ്രമേയം ഇന്നലെ കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു അവതരിപ്പിച്ചു. സഭാ നടപടികൾ സുഗമമായി നടക്കാൻ ലക്ഷ്‌മണരേഖ ആവശ്യമാണെന്ന് റിജിജു പറഞ്ഞു. സഭയിൽ എ.ഐ നിർമ്മിത പോസ്റ്ററുകൾ പാടില്ലെന്നും പാർലമെന്ററി മര്യാദകൾ പാലിക്കണമെന്നും വ്യക്തമാക്കി. പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഒരുപോലെ ബാധകമെന്ന് പ്രിയങ്ക ഗാന്ധി എം.പി പ്രതികരിച്ചു.