മൂന്നു മാസത്തിൽ താഴെയുള്ള കുട്ടികളെ ദത്തെടുക്കൽ, പ്രസവാവധി നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധം

Wednesday 18 March 2026 3:45 AM IST

ന്യൂഡൽഹി: മൂന്നു മാസത്തിൽ താഴെ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുന്ന അമ്മമാർക്ക് പ്രസവാവധി നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി. 2020ലെ സാമൂഹിക സുരക്ഷാ കോഡിലെ ഈവ്യവസ്ഥയുള്ള വകുപ്പ് 60(4) ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കി. മൂന്നു മാസത്തിനു മുകളിൽ പ്രായമുള്ള കുട്ടികളെ ദത്തെടുക്കുന്ന അമ്മമാർക്കും പ്രസവാവധിക്ക് അർഹതയുണ്ട്. അടിസ്ഥാന മനുഷ്യാവകാശമാണ്. കുട്ടിയുടെ പ്രായം കണക്കിലെടുക്കേണ്ടതില്ല. കുട്ടിയെ അമ്മയ്‌ക്ക് കൈമാറുന്ന തീയതി മുതൽ 12 ആഴ്ചത്തെ പ്രസവാവധി അനുവദിക്കണം. കുട്ടിയുടെ പ്രായം അടിസ്ഥാനമാക്കിയുള്ള വേർതിരിവിൽ യുക്തിയില്ലെന്ന് കോടതി നിരീക്ഷിച്ചു. കുട്ടികളെ ദത്തെടുത്ത മാതാവ് അടക്കം സമർപ്പിച്ച പൊതുതാത്പര്യഹ‌ർജികളിലാണ് വിധി.

പിതൃത്വ അവധി അംഗീകരിക്കണം

മാതാവിന് മാത്രമല്ല പിതാവിനും അവധി നൽകുന്ന നിയമനിർമ്മാണത്തിന് കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. സാമൂഹ്യ സുരക്ഷാ ആനുകൂല്യമെന്ന നിലയിലാകണമത്. മാതാപിതാക്കളുടെയും കുട്ടിയുടെയും ആവശ്യങ്ങൾക്ക് അനുസരിച്ചായിരിക്കണം അവധിയുടെ കാലാവധി.