മാലാഖമാരായി ഹെഡ് നഴ്സുമാരായ ഫൗസിയും മഞ്ജുളയും
ഉള്ളൂർ: തീവ്ര പരിചരണ വിഭാഗത്തിൽ തീപടർന്ന് പിടിക്കുമ്പോഴും,സ്വന്തം ജീവൻ വകവയ്ക്കാതെ രക്ഷാപ്രവർത്തനങ്ങൾക്ക് ആളെ കൂട്ടിയത് ഹെഡ് നഴ്സുമാരായ ഫൗസിയയും മഞ്ജുളയുമായിരുന്നു.
രോഗികളുടെ നിലവിളികൾക്കിടയിൽ ഇവർ ഉടൻ തങ്ങളാൽ കഴിയുന്നത് ചെയ്തു.
ഇന്നലെ രാവിലെ 8.45ഓടെയാണ് മൾട്ടി സ്‌പെഷ്യലിറ്റി ബ്ലോക്കിലെ സർജിക്കൽ ഐ.സിയുവിൽ തീ പടർന്നത്. പോർട്ടബിൾ വെന്റിലേറ്റർ മെഷീന് സമീപത്തെ വയറിംഗിലാണ് ആദ്യം തീപിടിച്ചത്. തുടർന്ന് സമീപത്തുണ്ടായിരുന്ന ഓക്സിജൻ സിലിണ്ടറിന്റെ റഗുലേറ്റർ പൊട്ടിയതോടെ മുറി മുഴുവൻ കറുത്ത പുക നിറഞ്ഞു.
ഡ്യൂട്ടി ഒഴിയാൻ തയ്യാറെടുത്ത ഫൗസിയയും ഡ്യൂട്ടിക്ക് കയറാൻ എത്തിയ മഞ്ജുളയും തീപിടിത്ത വിവരം ഉടൻ അധികൃതരെ അറിയിച്ചു. ഓക്സിജൻ സിലിണ്ടർ കണക്ഷൻ വിച്ഛേദിച്ച് കറുത്ത പുക മുറിയിൽ നിറയുന്നത് നിയന്ത്രിച്ചു. രോഗികളെ അടിയന്തരമായി മറ്റ് ഭാഗങ്ങളിലേക്ക് മാറ്റാൻ ചുക്കാൻ പിടിച്ചതും ഇവരാണ്.