കൂരിരുട്ടിൽ മുങ്ങി പണയിൽ കടവ് പാലം

Wednesday 18 March 2026 12:55 AM IST

വക്കം: പണയിൽ കടവ് പാലത്തിലെ വഴിവിളക്കുകൾ മിഴിപൂട്ടി വർഷങ്ങളായിട്ടും നടപടിയെടുക്കാതെ അധികൃതർ. പാലത്തിൽ സ്ഥാപിച്ചിട്ടുള്ള എൽ.ഇ.ഡി ലൈറ്റുകളാണ് നോക്കുകുത്തിയായത്. വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതും ടൂറിസം സാദ്ധ്യതയുമുള്ള ഇടമാണിത്. പ്രകൃതിഭംഗി ആസ്വദിക്കാനും സായാഹ്നങ്ങൾ വേറിട്ട് ചെലവഴിക്കാനും കായലിൽ നിന്നുള്ള ഇളം കാറ്റേൽക്കുന്നതിനുമായി ദിവസവും നിരവധിപേരാണ് ഇവിടെയെത്തുന്നത്.വഴിവിളക്കുകൾ പ്രകാശിക്കാത്തതിനാൽ സന്ധ്യയാവുന്നതോടെ മടങ്ങേണ്ട അവസ്ഥയാണ്. വിവിധ സ്ഥലങ്ങളിൽ നിന്ന് നിരവധി വിനോദ സഞ്ചാരികളാണ് പൊന്നും തുരുത്തിന്റെ ഭംഗി ആസ്വദിക്കാനും കായലിലൂടെയുള്ള ബോട്ട് സവാരിക്കുമായെത്തുന്നത്. ഈ സ്ഥലത്തിന്റെ പ്രാധാന്യം ഒട്ടുംതന്നെ കണക്കാക്കാതെയാണ് അധികൃതർ വെളിച്ചത്തിനുള്ള മാർഗം കാണാതെ ഇത്തരത്തിലുള്ള അവഗണന കാണിക്കുന്നത്.

തെരുവ് നായ ശല്യവും

പാലത്തിൽ നിലയുറപ്പിക്കുന്ന തെരുവുനായ്ക്കളുടെ ശല്യം കൊണ്ട് രാത്രികാലങ്ങളിലെ പാലത്തിലൂടെയുള്ള യാത്രയും അപകടത്തിന് കാരണമാണ്. ഇരുചക്ര വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. എത്രയും പെട്ടെന്ന് പാലത്തിലെ വഴിവിളക്കുകൾ മിഴിതുറക്കാൻ നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 ടൂറിസ്റ്റുകളുടെയും ദേശവാസികളുടേയും പറുദീസയായ വക്കം പണയിൽ കടവിൽ തെരുവുവിളക്ക് പ്രകാശപൂരിതമാക്കാൻ ബന്ധപ്പെട്ട അധികൃതർ സത്വര നടപടികൾ സ്വീകരിക്കണം

എൻ.സഹലോദയൻ,കണ്ണമംഗലം ക്ഷേത്ര കമ്മിറ്റി മെമ്പർ,വക്കം

 കായലോര ടൂറിസം വികസനത്തിന്റെ ഭാഗമായി വക്കം,ചെറുന്നിയൂർ ഗ്രാമപഞ്ചായത്തുകളിൽ 2016-17 ൽ അന്നത്തെ എം.എൽ.എ അഡ്വ. ബി.സത്യന്റെ പ്രത്യേക വികസന ഫണ്ടുപയോഗിച്ച് 13,89,900/- അടങ്കൽത്തുകയിലാണ് എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിച്ചത്.