തൂക്ക നേർച്ച ഭക്തന്മാരുടെ വ്രതാനുഷ്ഠാനങ്ങൾ ആരംഭിച്ചു
ചിറയിൻകീഴ്: ശാർക്കര ദേവിയുടെ തിരുനടയിൽ തൂക്കവില്ലേറി വിഹായസ്സിൽ പറക്കുന്ന തൂക്ക നേർച്ചയ്ക്കുള്ള ഭക്തന്മാരുടെ വ്രതാനുഷ്ഠാനങ്ങൾ ക്ഷേത്ര നടയിൽ ആരംഭിച്ചു. നാലാം ഉത്സവ ദിവസം മുതലാണ് ഒരാഴ്ച നീണ്ടുനിൽക്കുന്ന 201 തൂക്ക നേർച്ചക്കാരുടെ വ്രതാനുഷ്ഠാനങ്ങൾ ആരംഭിച്ചത്. ക്ഷേത്ര സന്നിധിയിലെ ഭജനപ്പുരയിൽ കഠിനാവ്രതാനുഷ്ഠാനങ്ങളോടെ കഴിഞ്ഞുവരുന്ന നേർച്ചതൂക്കക്കാർ നാലാം നാൾ മുതൽ ക്ഷേത്രം വലം വെയ്ക്കുന്ന എണ്ണം ഏഴിൽ തുടങ്ങി ഒമ്പതാം ഉത്സവമാകുമ്പോൾ അത് 101-ൽ എത്തിക്കുന്നു. ഒമ്പതാം ഉത്സവ ദിവസമായ 21ന് നടക്കുന്ന തൂക്കവ്രതക്കാരുടെ അമ്മയെ കാണൽ ചടങ്ങിലും പളളിവേട്ടയിലും പങ്കെടുത്ത് ഭരണി നാളിൽ നാല് പ്രാവശ്യം ക്ഷേത്രം വലംവച്ച ശേഷമാണ് തൂക്ക നേർച്ചക്കാർ ഭഗവതി കൊട്ടാരത്തിലേയ്ക്ക് ഉടുത്തു കെട്ടലിനും ചുട്ടികുത്തലിനുമായി പുറപ്പെടുന്നത്. ക്ഷേത്രത്തിനടുത്തുള്ള ഭഗവതി കൊട്ടാരത്തിൽ നിന്ന് പ്രത്യേക വേഷവിധാനങ്ങളോടെ ഉടുത്തൊരുങ്ങിയെത്തി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്ര സന്നിധിയിലെത്തി മേൽശാന്തിയിൽ നിന്ന് അനുഗ്രഹവും വാങ്ങിച്ച് മൂന്ന് പ്രാവശ്യം ക്ഷേത്ര വലംവച്ച് ദേവിയെ സ്തുതിച്ച ശേഷമാണ് തൂക്കവില്ലേറുന്നത്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലാണ് തൂക്കവില്ലേറാൻ ഭക്തജനങ്ങൾക്ക് പലപ്പോഴും അവസരം ലഭിക്കുന്നത്.