വെള്ളായണി കാർഷിക കോളേജിൽ കർഷകർക്കായി മിഷൻ മൗസം

Wednesday 18 March 2026 3:38 AM IST

വിഴിഞ്ഞം: കാലാവസ്ഥ എന്തായാലും കർഷക സഹായിയായി,വെള്ളായണി കാർഷിക കോളേജിന്റെ മിഷൻ മൗസം (ഗ്രാമീൺകൃഷി മൗസൺ സേവ). മഴ മുന്നറിയിപ്പ് മുതൽ കാർഷിക രംഗത്തെ മുന്നറിയിപ്പുമായി വെള്ളായണി കാർഷിക കോളേജ് കാലാവസ്ഥാ ബുള്ളറ്റിൻ ആരംഭിച്ചു.

ആഴ്ചയിൽ ചൊവ്വയും വെള്ളിയുമാണ് ബുള്ളറ്റിൻ.ഈ പദ്ധതി വഴി കർഷകർക്കും അടുക്കളക്കൃഷി ചെയ്യുന്നവർക്കുമായി മുന്നറിയിപ്പ് നൽകും.

5 സോണുകളിൽ തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന ദക്ഷിണമേഖലാ സോണിൽ വെള്ളായണി കാർഷിക കോളേജാണ് കേന്ദ്രം.ഡോ.ഗീതാ രാധാകൃഷ്ണനാണ് ചുമതല.

വേനൽ ശക്തം

ജില്ലയിൽ അടുത്ത ദിവസങ്ങളിൽ നേരിയ തോതിലുള്ള മഴയ്ക്ക് മാത്രമാണ് സാദ്ധ്യതയെന്ന് വെള്ളായണി ദക്ഷിണ മേഖല കാർഷിക ഗവേഷണ കേന്ദ്രവും കാലാവസ്ഥ വകുപ്പും സംയുക്തമായി പുറപ്പെടുവിച്ച കാർഷിക കാലാവസ്ഥാ ബുള്ളറ്റിൻ അറിയിച്ചു.സംസ്ഥാനത്താകെ സാധാരണയേക്കാൾ കുറവ് മഴയും ഉയർന്ന താപനിലയും തുടരാൻ സാദ്ധ്യതയുണ്ട്.35°C വരെ ഉയരുന്ന ചൂട് കർഷകർക്കും കന്നുകാലികൾക്കും വെല്ലുവിളിയായേക്കും.

വിള നിർദ്ദേശം.....

തക്കാളി

താപനില ഉയരുന്നത് തക്കാളിയിൽ പൂക്കൊഴിച്ചിലിനും പരാഗണം കുറയുന്നതിനും കാരണമാകും. അതിനാൽ ‘വെള്ളായണി വിജയ്’, ആർക്ക വികാസ്’, ‘ആർക്ക അനന്യ’ പോലുള്ള ചൂട് സഹിഷ്ണുതയുള്ള ഇനങ്ങൾ തിരഞ്ഞെടുക്കുക. ചെടികൾക്ക് നേരിയ തണൽ നൽകുകയും ആഴത്തിലുള്ള ജലസേചനം ഉറപ്പാക്കുകയും വേണം. പരാഗണം മെച്ചപ്പെടുത്താൻ ചെടികൾ ഇടയ്ക്കിടെ കുലുക്കുക; പുതയിടലും മണ്ണിലെ നനവും നിലനിറുത്തുക.

റബർ

റബർ തൈകൾക്ക് തെക്കുപടിഞ്ഞാറൻ കഠിനവെയിൽ ഒഴിവാക്കാൻ തെങ്ങോല/ഈറ ഉപയോഗിച്ച് തണൽ നൽകുക. നട്ട് രണ്ടാം വർഷം മുതൽ തണ്ടിൽ ചുണ്ണാമ്പ്–കളിമണ്ണ് മിശ്രിതം പൂശുന്നത് വേനൽ ചൂടിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും.

ആട്

കൂടിനുള്ളിൽ ശുദ്ധജലം ലഭ്യമാക്കുക.തുറസായ സ്ഥലത്ത് മേയാൻ വിടാതിരിക്കുക. കൂടാതെ, മികച്ച വായുസഞ്ചാരം ഉറപ്പാക്കി ചൂട് കുറയ്ക്കാൻ ഇടയ്ക്കിടെ വെള്ളം തളിക്കുക. തീറ്റയിൽ 5–10 ഗ്രാം ധാതുലവണ മിശ്രിതം ഉൾപ്പെടുത്തുകയും ആടുകൾ തിങ്ങിനിൽക്കുന്നത് ഒഴിവാക്കുകയും വേണം.